മിന്നും വിജയം. കർണാടക തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ വിജയത്തെ ഒറ്റവാക്കിൽ ഇങ്ങനെ വിശേഷിപ്പിക്കാം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുന്നിൽ നിറുത്തി ബി.ജെ.പി നടത്തിയ കൊണ്ടുപിടിച്ച പ്രചാരണം തള്ളിക്കളഞ്ഞ് കോൺഗ്രസ് കന്നഡിഗക്കാരുടെ ഹൃദയപക്ഷമായി. ഇനി ഒന്നേ അറിയേണ്ടു. ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺഗ്രസിനെ ആരാകും നയിക്കുക. നിലവിലെ പ്രതിപക്ഷനേതാവ് സിദ്ധരാമയ്യയും പി.സി.സി. അധ്യക്ഷന്‍ ഡി.കെ ശിവകുമാറും മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുണ്ട്. ഒപ്പം സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായകശക്തികളായ ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ള എം.ബി. പാട്ടീല്‍, പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള മുന്‍ ജെ.ഡി.എസ്. നേതാവ് സതീഷ് ജാര്‍ക്കിഹോളി, ദളിത് വിഭാഗത്തില്‍ നിന്നുള്ള ജി. പരമേശ്വര, മുസ്ലിം ന്യൂനപക്ഷത്തില്‍ നിന്നുള്ള സമീര്‍ അഹമ്മദ് ഖാന്‍ എന്നിവരും സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ മുഖങ്ങളാണ്. ഇവരെല്ലാം മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള സാധ്യതാപട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. എ.ഐ.സി.സി. അധ്യക്ഷസ്ഥാനത്തുള്ള ഖാര്‍ഗെ മുഖ്യമന്ത്രിയായി സംസ്ഥാനത്ത് തിരിച്ചെത്തുമെന്നും അഭ്യൂഹങ്ങളുണ്ട്.
പൂക്കൾ വരിച്ച പരവതാനിയിൽ നടത്തിയ റോഡ് ഷോകൾ, ഹിജാബ്, സംവരണം, ലൗ ജിഹാദ്, ഹനുമാൻ തുടങ്ങി ബിജെപി വിളമ്പിയ കണക്കില്ലാത്ത വർഗീയ പ്രചാരണങ്ങളെ തള്ളിക്കളഞ്ഞ് അസാധാരണമായ വിജയം നേടാൻ കോൺഗ്രസിനെ സഹായിച്ച ഡി.കെ ശിവകുമാറാണ് യഥാർത്ഥ ഹീറോ. ഉത്തരവാദിത്തം അദ്ദേഹം ഭംഗിയായി നിറവേറ്റിയെന്നതില്‍ കോണ്‍ഗ്രസിനും തര്‍ക്കമില്ല. കര്‍ണാടകയില്‍ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ കോണ്‍ഗ്രസിന്റെ ജനകീയ നേതാവായി കളംനിറഞ്ഞു നിന്നപ്പോള്‍ തന്റെ പണിപ്പുരയില്‍ ഡികെ ശിവകുമാര്‍ കൂട്ടിയും കിഴിച്ചും തന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടേയിരിക്കുകയായിരുന്നു. മുന്നിലുള്ള എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത്, ചെയ്യേണ്ടത് ചെയ്യേണ്ട പോലെ, കാണേണ്ടത് കാണേണ്ട പോലെ കണ്ട് അദ്ദേഹം കര്‍ണാടക കോണ്‍ഗ്രസിന്റെ ട്രബിള്‍ ഷൂട്ടറായി മാറി. ഇനിയൊരു തിരിച്ചുവരവുണ്ടാവില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പോലും പലപ്പോഴും രഹസ്യമായി അഭിപ്രായപ്പെട്ടപ്പോഴും 130ന് മുകളില്‍ സീറ്റുകള്‍ പാര്‍ട്ടിക്ക് ലഭിച്ചിരിക്കുമെന്ന് യാതൊരു ആത്മവിശ്വാസക്കുറവുമില്ലാതെ ശിവകുമാര്‍ ആവര്‍ത്തിച്ചിരുന്നു. അത് അച്ചിട്ടായി. മത്സരിച്ച മണ്ഡലത്തിൽ അരലക്ഷത്തോളം ഭൂരിപക്ഷം നേടുന്ന ഡി.കെ ആകുമോ മുഖ്യമന്ത്രിക്കസേരയിൽ അമരുക. വളരെ കുറച്ച് മണിക്കൂറുകള്‍ മാത്രമാണ് അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചരണത്തിനായി സ്വന്തം മണ്ഡലമായ കനകപുരയില്‍ ചെലവഴിച്ചത്. എങ്കിലും ജനങ്ങൾ അദ്ദേഹത്തിനൊപ്പം നിന്നു. അതുകൊണ്ടാണ് മുന്‍ മന്ത്രി കൂടിയായ ആര്‍ അശോകിനെ നിര്‍ത്തിയിട്ടും ഡി.കെ ബിജെപിയെ തറപറ്റിച്ചത്.
സിദ്ധരാമയ്യയുടെ ജനകീയതയാണ് കോണ്‍ഗ്രസിനെ വിജയത്തിലെത്തിച്ച മറ്റൊരു ഘടകം. ജാതി സമവാക്യങ്ങള്‍ക്ക് പ്രാധാന്യമുള്ള കര്‍ണാടകയില്‍ അതിനെല്ലാം അതീതമായിരുന്നു സിദ്ധരാമയ്യയുടെ സ്വീകാര്യത. മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിടുന്ന സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള ഡി.കെയേക്കാൾ പൊതുസമ്മതിയാണ് സിദ്ധരാമയ്യയ്ക്കുള്ളത്.ലിംഗായത്ത്, വൊക്കലിഗ സമുദായങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള സംസ്ഥാനത്ത് കുറുബ വിഭാഗത്തില്‍ നിന്നുള്ള സിദ്ധരാമയ്യക്ക് പിന്തുണ ഏറെയുണ്ട്. അതിനിടെ, കര്‍ണാടകയില്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന് അവകാശപ്പെട്ട് മകന്‍ യതീന്ദ്ര സിദ്ധരാമയ്യ രംഗത്തെത്തിയിട്ടുണ്ട്. വരുണ മണ്ഡലത്തില്‍നിലവില്‍ മുന്നിലാണ് സിദ്ധരാമയ്യ. ബി.ജെ.പി.യുടെ വി. സോമണ്ണയാണ് ഇവിടെ സിദ്ധരാമയ്യയുടെ എതിരാളി. അദ്ദേഹത്തിന്റെ അവസാന ഭരണകാലം വളരെ മികച്ചതായിരുന്നു എന്നാണ് മകന്റെ അഭിപ്രായം. വീണ്ടും മുഖ്യമന്ത്രിയായാല്‍ ബി.ജെ.പി.ക്കാലത്തെ അഴിമതികളും ദുര്‍ഭരണവും അദ്ദേഹം തിരുത്തും. സംസ്ഥാനത്തിന്റെ കൂടെ താത്പര്യത്തോടെ അദ്ദേഹം മുഖ്യമന്ത്രിയാവുമെന്നും യതീന്ദ്ര പറഞ്ഞു.
Discussion about this post