തിരഞ്ഞെടുപ്പിൽ തോറ്റാലും സർക്കാർ രൂപീകരിക്കുമെന്നുറപ്പിച്ചിരിക്കയാണ് ബിജെപി. കര്‍ണാടകയില്‍ അധികാരത്തിലേറാനുള്ള കേവല ഭൂരിപക്ഷം തികയ്ക്കാനായില്ലെങ്കില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ചില നീക്കങ്ങള്‍ നടത്തുമെന്ന് മന്ത്രിയും ബിജെപി നേതാവുമായ ആര്‍.അശോക തുറന്നടിച്ചു. ഒരു കന്നഡ ന്യൂസ് ചാനലിനോട് സംസാരിക്കവെയാണ് കേവല ഭൂരിപക്ഷം നേടിയില്ലെങ്കിലും ബിജെപി അധികാരത്തിലേറുമെന്ന് അശോക ആത്മവിശ്വാസം പ്രകടിപ്പിച്ചത്. തൂക്കുസഭയാണെങ്കില്‍ പാര്‍ട്ടിയുടെ നീക്കം എന്തായിരിക്കുമെന്നുള്ള ചോദ്യത്തിന് മറുപടിയായിരുന്നു ഇത്. ‘ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കും. എങ്ങനെ എപ്പോള്‍ എന്നൊന്നും ചോദിക്കരുത്. കേന്ദ്ര-സംസ്ഥാന നേതാക്കള്‍ ചേര്‍ന്ന് പ്ലാന്‍ ബി ചര്‍ച്ച ചെയ്യും. ശേഷം വേണ്ടത് ചെയ്യും’ എന്നായിരുന്നു അശോകയുടെ വാക്കുകൾ.
ഇത് മനസിലാക്കി കരുതലോടെ നീങ്ങുകയാണ് കോൺഗ്രസ്. കാരണം കഴിഞ്ഞ തെരഞ്ഞെടുപ്പിലെ അനുഭവം അവർക്ക് ഓർമ്മയുണ്ട്. 224 അംഗ കര്‍ണാടക നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 113 സീറ്റുകളാണ്. 2018-ല്‍ 104 സീറ്റുകള്‍ നേടി ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷി ആയെങ്കിലും 78 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസും 37 സീറ്റുകള്‍ നേടിയ ജെഡിഎസും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നും എംഎല്‍എമാരെ അടര്‍ത്തിയെടുത്ത് ബിജെപി അധികാരത്തിലെത്തുകയായിരുന്നു. ഓപ്പറേഷന്‍ താമര എന്ന പേരിലായിരുന്നു ബിജെപി ഈ നീക്കം നടത്തിയിരുന്നത്. 2019-ലെ ഉപതിരഞ്ഞെടുപ്പിന് ശേഷം കര്‍ണാടക നിയമസഭയില്‍ ബിജെപിയുടെ അംഗസംഖ്യ 120 ആയി വര്‍ധിച്ചു. കോണ്‍ഗ്രസ് 69 ലേക്കും ജെഡിഎസ് 32 ലേക്കും ചുരുങ്ങുകയും ചെയ്തു.
ഇത്തവണ കോൺഗ്രസിനാണ് ഭൂരിപക്ഷമെങ്കിൽ അവർ 19-ാംമത്തെ അടവ് എടുക്കേണ്ടതുണ്ട് വിജയിച്ച എം.എൽ.എമാരെ ഉടൻ മാറ്റണം. അധികാരം രൂപീകരിച്ചാൽ പോലും ഇവരെ കണ്ണിലെണ്ണയൊഴിച്ച് കാത്തുസൂക്ഷിക്കണം. അല്ലേൽ താമര പാര പണിയുമെന്നുറപ്പാണ്.