കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ യുവ ഡോക്ടര്‍ ഡോ. വന്ദന ദാസിനെ ഡ്യൂട്ടിക്കിടെ കൊല ചെയ്ത സംഭവത്തില്‍ പൊലീസിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സംഭവത്തില്‍ വീഴ്ച സംഭവിച്ചിരിക്കുന്നത് സംവിധാനത്തിനാണെന്ന് കോടതി കുറ്റപ്പെടുത്തി. സ്വമേധയാ എടുത്ത കേസാണ് ജസ്റ്റിസ് ദേവന്‍രാമചന്ദ്രന്‍, ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റേയും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നത്.
പ്രൊസീജിയര്‍ റൂമില്‍ പ്രതിയെ കയറ്റിയ സമയത്ത് പൊലീസ് എവിടെ ആയിരുന്നുവെന്ന് കോടതി ചോദിച്ചു. എന്നാൽ വരുന്ന ഒരാഴ്ചയ്ക്കുളളില്‍ ആശുപത്രികളിലെ സുരക്ഷയ്ക്കുള്ള പ്രൊട്ടോക്കോള്‍ തയാറാക്കുമെന്ന് പൊലീസ് മേധാവി കോടതി സമക്ഷം ഉറപ്പ് നല്‍കിയിട്ടുണ്ട്.
യാഥാര്‍ത്ഥ്യത്തെ വളച്ചൊടിക്കരുത്, വസ്തുത വസ്തുതയായി പറയണമെന്നും കോടതി പൊലീസിനെ ഓര്‍മിപ്പിച്ചു. ഡോ വന്ദനയ്ക്ക് നീതി ലഭിക്കാന്‍ വേണ്ടിയാകണം പൊലീസിന്റെ അന്വേഷണമെന്നും കോടതി പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരെയല്ല സംവിധാനത്തെയാണ് വീഴ്ചയുടെ പേരില്‍ കുറ്റപ്പെടുത്തുന്നതെന്നും കോടതി വ്യക്തമാക്കി.
എന്നാൽ ആശുപത്രിയില്‍ നാല് മിനിറ്റ് കൊണ്ടാണ് എല്ലാം സംഭവിച്ചതെന്ന് പൊലീസ് കോടതിയില്‍ വിശദീകരിച്ചു. പ്രൊസീജിയര്‍ റൂമില്‍ എത്തുന്നതിന് തൊട്ടുമുന്‍പ് വരെ പ്രതി യാതൊരു അസ്വാഭാവികതയുമില്ലാതെയാണ് പെരുമാറിയിരുന്നതെന്ന് പൊലീസ് കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ പൊലീസിന്റെ കണ്മുന്നിലാണ് സംഭവങ്ങളെല്ലാം നടന്നതെന്ന് കോടതി ഓര്‍മിപ്പിച്ചു. പൊലീസ് ഒരു സൈനികന് സമാനമല്ലേ എന്നും പൊലീസുകാരന്‍ കൊല്ലപ്പെടാവുന്ന അപകടകരമായ സാഹചര്യമായാല്‍ പോലും പിന്‍വാങ്ങാന്‍ പാടില്ലാത്തത് അല്ലെന്നും കോടതി ചോദിച്ചു. വന്ദനയെ 11 തവണ പ്രതി കുത്തുന്നുണ്ട്. ഇതൊന്നും ന്യായീകരിക്കാവുന്നത് അല്ലെന്ന് കോടതി വ്യക്തമാക്കി.
കണ്‍ട്രോള്‍ റൂമിലേക്ക് സന്ദീപ് വിളിച്ചത്തിന്റെ ശബ്ദരേഖയും സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് കോടതിയില്‍ ഹാജരാക്കി. ആശുപത്രികളില്‍ പൊലീസ് സുരക്ഷ ശക്തമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും പൊലീസ് കോടതി മുന്‍പാകെ ഉറപ്പ് നല്‍കി. സുരക്ഷാ പ്രൊട്ടോക്കോള്‍ ഉണ്ടാക്കുന്നതിനായി മറ്റൊരു സംഭവം ഉണ്ടാകുന്നത് വരെ കാത്തിരിക്കരുതെന്നും കോടതി ഓര്‍മിപ്പിച്ചു.
Summary: Dr. Vandana’s murder: High Court criticizes the police
Discussion about this post