കോഴിക്കോട്: അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്ന് കെ മുരളീധരൻ എംപി. സിറ്റിംഗ് എംഎൽഎമാർ മത്സരിച്ചില്ലെങ്കിൽ പരാജയം ഭയന്ന് മാറിനിന്നുവെന്ന് കരുതും. ബുധനാഴ്ച വയനാട്ടിൽ ചേർന്ന ലീഡേഴ്സ് മീറ്റിൽ സിറ്റിംഗ് എംപിമാർ മത്സരിക്കണമെന്ന് നിർദേശമുണ്ടായിരുന്നു. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും കെ മുരളീധരൻ വ്യക്തമാക്കി.
ഇന്നലെ നടന്ന ലീഡേഴ്സ് മീറ്റിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ടിഎൻ പ്രതാപനും കെ മുരളീധരനും പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനും ബെന്നി ബഹനാനും നടത്തിയ വൈകാരിക പ്രസംഗത്തോടെ ഇരുനേതാക്കളും പിന്നീട് നിലപാട് മാറ്റി. പാർട്ടിയിലെ പുനഃസംഘടന ഈ മാസം 30 ന് പൂർത്തിയാക്കുമെന്നും കെ മുരളീധരൻ അറിയിച്ചു.
അഞ്ചു മാസം നീണ്ട രാഷ്ട്രീയ കർമ്മ പരിപാടികൾക്ക് വയനാട്ടിൽ ചേർന്ന ലീഡേഴ്സ് മീറ്റിൽ രൂപം നൽകി. അഞ്ചുമാസം പാർട്ടിയെ പാർലമെന്റ് തിരഞ്ഞെടുപ്പിന് സജ്ജമാക്കാനുളള മുന്നൊരുക്കങ്ങൾ നടക്കും. ബിജെപിയെ മുഖ്യശത്രുവായി കാണുന്ന രാഷ്ട്രീയ നയരേഖയ്ക്ക് കെപിസിസി നേതൃയോഗം ലീഡേഴ്സ് മീറ്റിൽ അംഗീകാരം നൽകി. കോൺഗ്രസിന്റെ പ്രവർത്തന പദ്ധതികൾ താഴെത്തട്ടിലേക്ക് എത്തിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. പാർട്ടി പുനഃസംഘടന ഈ മാസം പൂർത്തിയാക്കും. തിരഞ്ഞെടുപ്പിൽ നേരിടാനുളള ആത്മവിശ്വാസം രണ്ടു ദിവസത്തെ യോഗം കൊണ്ട് കൂടിയെന്നും കെപിസിസി പ്രസിഡന്റ് കൂട്ടിച്ചേർത്തു.
Summary: Will contest next Lok Sabha elections: K Muraleedharan