ലയണല്‍ മെസ്സി സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലിലേക്ക് കൂടുമാറുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ട്രെന്‍ഡിങ് ആയിക്കൊണ്ട് ചര്‍ച്ച ചെയ്യപ്പെടുന്നത്. 400 മില്യണ്‍ യൂറോയുടെ ഒരു ഭീമന്‍ ഓഫറാണ് ലയണല്‍ മെസ്സിയ്ക്ക് അല്‍ഹിലാല്‍ നല്‍കിയിരിക്കുന്നത്.
അല്‍ ഹിലാലിന്റെ ആ വലിയ ഓഫര്‍ ലയണല്‍ മെസ്സി സ്വീകരിച്ചു കൊണ്ട് ക്ലബ്ബുമായി കരാറില്‍ എത്തി എന്നാണ് പ്രമുഖ മാധ്യമമായ AFP റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എഎഫ്പിയെ ഉദ്ധരിച്ചുകൊണ്ട് പ്രമുഖ മാധ്യമങ്ങള്‍ എല്ലാവരും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇത്തരത്തിലൊരു കാര്യം സംഭവിച്ചിട്ടില്ലെന്ന് പ്രമുഖ പത്രപ്രവര്‍ത്തകനായ ഫാബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്തു. അതായത് നിലവിലെ സാഹചര്യങ്ങളില്‍ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. മെസ്സിയുടെ മുന്നില്‍ അല്‍ ഹിലാലിന്റെ ഓഫര്‍ ഉണ്ട് എന്നല്ലാതെ മെസ്സി അത് സ്വീകരിച്ചിട്ടില്ല. ഈ സീസണ്‍ അവസാനിച്ചതിനുശേഷം മാത്രമാണ് തന്റെ ഭാവിയുടെ കാര്യത്തില്‍ മെസ്സി തീരുമാനം എടുക്കുകയുള്ളൂ. മെസിയുടെ പിതാവ് ഹോര്‍ഗെ മെസിയും രംഗത്തെത്തി. പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും മെസിയുടെ പിതാവും ഏജന്റുമായ ഹോര്‍ഗെ മെസി വ്യക്തമാക്കി. ഒരു ക്ലബ്ബുമായും ധാരണയില്‍ എത്തിയിട്ടില്ല. സീസണ്‍ ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുവെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്പില്‍ തന്നെ തുടരുന്നതിനാണ് മെസ്സി മുന്‍ഗണന നല്‍കുന്നത്. സൗദി അറേബ്യയിലേക്കോ അമേരിക്കയിലേക്കോ ഇപ്പോള്‍ പോകാന്‍ മെസ്സി ഉദ്ദേശിക്കുന്നില്ല എന്നുള്ളതാണ് ഏറ്റവും പ്രധാനം. അതുകൊണ്ടുതന്നെ മെസിയുടെ ഭാവി പദ്ധതികള്‍ക്കായി ആരാധകര്‍ ഇനിയും കാത്തിരിക്കേണ്ടി വരും.