ഏറെ ദുഃഖകരം, സർക്കാരും പോലീസും പൂര്‍ണമായും പരാജയപ്പെട്ടു; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലായിരിക്കെ വനിതാ ഡോക്ടർ കുത്തേറ്റു മരിച്ച വാർത്ത അത്യന്തം ഭയപ്പെടുത്തുന്നതും അതിലേറെ വേദനിപ്പിക്കുന്നതുമാണ്. കൊട്ടാക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ വന്ദന ദാസ് ആണ് തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു അക്രമമുണ്ടായത്.

സർജിക്കൽ ഉപകരണങ്ങളുപയോഗിച്ചുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ ഇന്ന് പുലർച്ചെയാണ് തിരുവനന്തപുരത്തേക്ക് എത്തിച്ചതെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ പൊലീസിനും ബന്ധുക്കൾക്കുമൊപ്പം വൈദ്യപരിശോധനക്ക് എത്തിയ സന്ദീപ് എന്ന യുവാവാണ് ആക്രമിച്ചത്.വന്ദനയ്ക്ക് അഞ്ചോളം കുത്തുകളേറ്റുവെന്നാണ് പ്രാഥമിക നിഗമനം. പൊലീസിനൊപ്പം എത്തിയ പ്രതി ആദ്യം ശാന്തനായിരുന്നെങ്കിലും പിന്നീട് പ്രകോപിതനാകുകയായിരുന്നു. ഇയാൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും സംശയമുണ്ട്.

വീട്ടിൽ പ്രശ്‌നമുണ്ടാക്കിയ ശേഷമാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസുകാർക്കും കൈക്കും ശരീരത്തിലും കുത്തേറ്റു. പ്രതി സന്ദീപ് അധ്യാപകനാണെന്നും നാട്ടുകാർ പറയുന്നു. പൊലീസുകാരെ ആക്രമിച്ചതിന് ശേഷം നിലത്തുവീണ ഡോക്ടറെ പ്രതി സർജിക്കൽ ഉപകരണങ്ങൾ ഉപയോഗിച്ച് വീണ്ടും വീണ്ടും കുത്തുകയായിരുന്നു എന്ന്ദൃക്‌സാക്ഷികൾ പറയുന്നു വീട്ടിൽ അക്രമം കാണിച്ച യുവാവിനെ കൈവിലങ്ങുപോലും ധരിപ്പിക്കാതെ തനിച്ചാണ് ഡോക്ടറുടെ മുറിയിലേക്ക് കടത്തി വിട്ടതെന്ന വിമർശനം ശക്തമാണ്

സംഭവത്തിൽ ഡോ. വന്ദനയ്ക്ക് പരിചയസമ്പത്തുണ്ടായിരുന്നില്ലെന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പ്രതികരണം വലിയ വിവാദങ്ങൾക്ക് വഴി തുറന്നിരിക്കുകയാണ് ‘ആക്രമണം ഉണ്ടാകുമ്പോൾ കുട്ടി ഭയന്നിട്ടുണ്ടെന്നും. ഓടാൻ സാധിക്കാതെ കുട്ടി വീണുപോയപ്പോൾ അക്രമിക്കപ്പെട്ടതാണ്’ എന്നുമായിരുന്നു ആരോഗ്യ മന്ത്രിയുടെ പ്രതികരണം

യുവഡോക്ടറുടെ കൊലപാതകം പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥ കൂടിയാണ് എന്നും ലഹരിമരുന്ന് ഉപയോഗിച്ചയാളെ അറസ്റ്റ് ചെയ്ത് ആശുപത്രിയിൽ കൊണ്ടു പോകുമ്പോൾ സ്വീകരിക്കേണ്ട ഒരു സുരക്ഷാ മുൻകരുതലുകളും പൊലീസ് സ്വീകരിച്ചില്ല എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ച്. ആശുപത്രികൾ സുരക്ഷിത സ്ഥലങ്ങളല്ലെന്ന അവസ്ഥയുണ്ടാകുന്നത് സർക്കാർ അടിയന്തിരമമായി അവസാനിപ്പിക്കണം എന്നും മെഡിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് ഉൾപ്പെടെ നിരവധി നിയമങ്ങൾ ഉണ്ടെങ്കിലും ജോലി സ്ഥലത്തെ സുരക്ഷിതത്വമില്ലായ്മയെ കുറിച്ച് ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും നിരന്തരമായി പരാതി ഉന്നയിക്കുന്നുണ്ട്. ഇക്കാര്യത്തിൽ സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നതിന്റെ പരിണിതഫലമാണ് വന്ദനയുടെ ദാരുണ അന്ത്യമെന്നും അദ്ദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവത്തിൽ സർക്കാരിനെയും പൊലീസിനെയും ഹൈക്കോടതി രൂക്ഷമായി വിമർക്ഷിച്ചു. സംഭവം ഏറെ ദുഃഖകരമാണെന്ന് പറഞ്ഞ കോടതി, പൊലീസിന്റെ കൈയിൽ തോക്കുണ്ടായിരുന്നില്ലേയെന്നും എന്തിനാണ് പൊലീസിന് തോക്കെന്നും ചോദിച്ചു. ജനങ്ങളുടെ പ്രാഥമിക സുരക്ഷാ ചുമതല പൊലീസിനല്ലേയെന്നും കോടതി ചോദിച്ചു. ഡോക്ടറുടെ അടുത്ത് പ്രതിയെ ഒറ്റയ്ക്ക് നിർത്തണമെന്ന സർക്കാർ ഉത്തരവ് ദുരന്തമാണ്. സംഭവത്തിൽ പൊലീസ് മേധാവിയോടെ കോടതി വിശദീകരണം തേടി. ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രനും കൗസർ എടപ്പഗത്തും അടങ്ങിയ ബെഞ്ച് പ്രത്യേക സിറ്റിങ്ങിൽ വിഷയം പരിഗണിക്കവേയാണ് രൂക്ഷ വിമർശനം ഉന്നയിച്ചത്.

ഒരു കുടുംബത്തിന്റെയും നാടിന്റെയും സമൂഹത്തിന്റെയും പ്രതീക്ഷയായിരുന്നു വന്ദന. അഞ്ച് വർഷത്തെ സമർപ്പണവും കഠിനാദ്ധ്വാനവും പൂർത്തിയാക്കി തന്റെ സ്വപ്നത്തിനരികിലെത്തിയ പെൺകുട്ടി, ഇത്തരം ദാരുണ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇനിയെങ്കിലും ജാഗ്രത കാണിച്ചേ മതിയാകൂ. നിയമത്തിൽ അപര്യാപ്തതകളുണ്ടെങ്കിൽ പരിഹരിച്ച് വ്യവസ്ഥ കർശനമാക്കി സുരക്ഷിതമായി ജോലി ചെയ്യാനുള്ള അവസരം എല്ലാവർക്കും ഉറപ്പ് വരുത്തേണ്ടത് ബന്ധപ്പെട്ടവരുടെ ചുമതലയാണ്

Exit mobile version