കായികരംഗത്തെ മികവിനുള്ള വിഖ്യാതമായ ലോറസ് പുരസ്കാരം അർജന്റീന ഫുട്ബോൾ താരം ലയണൽ മെസ്സി സ്വന്തമാക്കി. 2022 ഖത്തർ ലോകകപ്പിൽ അർജന്റീനയെ ലോക ചാംപ്യൻമാരാക്കിയ പ്രകടനമാണ് മെസ്സിയെ മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരത്തിന് അർഹനാക്കിയത്.
ഇത് രണ്ടാം തവണയാണ് മികച്ച താരത്തിനുള്ള ലോറസ് പുരസ്കാരം മെസ്സിയെ തേടി എത്തുന്നത് ഫ്രാന്‍സ് ഫുട്‌ബോള്‍ താരം കിലിയന്‍ എംബാപ്പെ, ടെന്നീസ് താരം റഫേല്‍ നദാല്‍, എന്നിവരെ പിന്തള്ളിയാണ് മെസി ലോറസ് പുരസ്‌കാരം സ്വന്തമാക്കിയത്.
2020ലും സ്‌പോർട്‌സ്മാൻ ഓഫ് ദ ഇയർ അവാർഡ് മെസ്സി നേടിയിരുന്നു. ഫോർമുല വൺ ഡ്രൈവർ ലൂയിസ് ഹാമിൽട്ടനൊപ്പം അന്ന് അവാർഡ് പങ്കിടുകയായിരുന്നു. മെസ്സിയല്ലാതെ മറ്റൊരു ഫുട്ബാൾ താരവും ഇതുവരെ ലോറസ് പുരസ്കാരം നേടിയിട്ടില്ല.
ഇത്തവണ മികച്ച ടീമിനുള്ള പുരസ്കാരം ലോക ചാമ്പ്യന്മാരായ അർജന്റീനക്കും ലഭിച്ചതോടെ ലോറസ് വേൾഡ് ടീം ഓഫ് ദ ഇയർ അവാർഡും ലോറസ് വേൾഡ് സ്‌പോർട്‌സ്മാൻ ഓഫ് ദി ഇയറും ഒരേ വർഷം നേടുന്ന ആദ്യ കായികതാരമായും അർജന്റീനക്കാരൻ ചരിത്രം കുറിച്ചു.
2000 മുതലാണ് മികച്ച കായിക താരത്തിനുള്ള ലോറസ് പുരസ്കാരം നൽകിത്തുടങ്ങിയത്. ഇന്നലെ പാരിസിൽ നടന്ന പുരസ്‌കാര ചടങ്ങിൽ നിരവധി താരങ്ങളാണ് പങ്കെടുത്തത്. കായിക നേട്ടങ്ങൾക്കൊപ്പം കായിക ലോകത്തെ വ്യക്തികളെയും ടീമുകളെയും ആദരിക്കുന്ന എല്ലാ വർഷവും നടത്തുന്ന ഒരു അവാർഡ് ചടങ്ങാണ് ലോറസ് പുരസ്കാരം.
ഇത്തവണ ഫുട്ബാൾ താരം കിലിയൻ എംബാപ്പെ, ടെന്നിസ് താരം റഫേൽ നദാൽ, ഫോർമുല വൺ മാക്സ് വെർസ്റ്റപ്പൻ, ബാസ്കറ്റ്ബാൾ താരം സ്റ്റീഫൻ കറി, അത് ലറ്റിക്സ് മോണ്ടോ ഡുപ്ലാന്റിസ് എന്നിവരാണ് മെസ്സിയെ കൂടാതെ സ്പോർട്സ്മാൻ ഓഫ് ദ ഇയർ അവാർഡിന്റെ അവസാന റൗണ്ടിലുണ്ടായിരുന്നത്.
മികച്ച വനിത താരമായി ജമൈക്കൻ സ്പ്രിന്റർ ഷെല്ലി ആൻ ഫ്രേസറും തെരഞ്ഞെടുക്കപ്പെട്ടു. കളിക്കളത്തിൽവെച്ച് ഹൃദയാഘാതമുണ്ടായി ഗുരുതരാവസ്ഥയിൽ കഴിഞ്ഞിട്ടും ജീവിതത്തിലേക്കും കളിക്കളത്തിലേക്കും മടങ്ങിയെത്തിയ മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ഡെന്മാർക്ക് മിഡ്ഫീൽഡർ ക്രിസ്റ്റ്യൻ എറിക്സണിനാണ് തിരിച്ചുവരവ് പുരസ്കാരം. ബ്രേക് ത്രൂ അവാർഡ് സ്പാനിഷ് യുവ ടെന്നിസ് താരം കാർലോസ് അൽകാരസ് നേടി.
Discussion about this post