മലപ്പുറം: താനൂർ ബോട്ട് അപകടത്തിൽ ദേശീയ ദുരന്ത നിവാരണ സേന തിരച്ചിൽ പുനരാരംഭിച്ചു. ഇന്നലെ വൈകീട്ടോടെ 15 അംഗ ദേശീയ ദുരന്ത നിവാരണ സേന യൂണിറ്റ് കൂടി ദൗത്യ സംഘത്തിന് ഒപ്പം ചേർന്നിരുന്നു. എത്രപേർ ബോട്ടിൽ കയറിയെന്ന കൃത്യമായ കണക്ക് കിട്ടാത്തതിനാൽ ആരെങ്കിലും കാണാതായിട്ടുണ്ടോ എന്നതിൽ വ്യക്തത കുറവുണ്ട്. എന്നാൽ നിലവിൽ ആരെയും കാണാതായതായി പരാതി ഇല്ല. നേവിയും രണ്ടു തവണയായി തിരച്ചിലിന് എത്തിയിരുന്നു.
അപകടത്തിന് കാരണക്കാരനായ പ്രതി നാസറിനെതിരെ ഇന്ന് കൂടുതൽ വകുപ്പുകൾ ചുമത്തും. നിലവിൽ നാസറിനെതിരെ നരഹത്യാകുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. ജനരോഷം ഉണ്ടാകുമെന്നത് കണക്കിലെടുത്ത് നാസറിനെ ഇതുവരെ താനൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടില്ല. നിരവധി ആളുകളാണ് ഇന്നലെ സ്റ്റേഷന് മുന്നിൽ തടിച്ചു കൂടിയിരുന്നത്.
സംഭവത്തെ തുടർന്ന് ഡ്രൈവറായ സ്രാങ്ക് ദിനേശനും ജീവനക്കാരൻ രാജനും ഒളിവിലാണ്. മുൻദിവസങ്ങളിൽ അമിതമായി യാത്രക്കാരെ കയറ്റി ദിനേശൻ ബോട്ട് ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ മത്സ്യത്തൊഴിലാളികൾ പുറത്തുവിട്ടിട്ടുണ്ട്. കേസ് താനൂർ ഡിവൈഎസ്പി വി വി ബെന്നിയുടെ നേതൃത്വത്തിൽ 14 അംഗ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. മലപ്പുറം എസ് പി എസ് സജിത് ദാസ് മേൽനോട്ടം വഹിക്കുന്ന അന്വേഷണ സംഘത്തിൽ സാങ്കേതിക വിദഗ്ധർ ഉൾപ്പടെയുള്ളവർ ഉണ്ട്.
Summary: Tanur boat accident: Search continues, more charges against accused