താനൂര്‍ ദുരന്തം; ജീവന്‍ നഷ്ട്ടമായത് ഒരു കുടുംബത്തിലെ 11 പേര്‍ക്ക്

മലപ്പുറം: താനൂര്‍ ബോട്ടപകടത്തില്‍ ഒരു കുടുംബത്തിലെ 11 പേരുടെ മരണത്തിന്റെ ഞെട്ടലിലും ദുഃഖത്തിലുമാണ് നാട്. പെരുന്നാള്‍ അവധിയോടനുബന്ധിച്ച് താനൂര്‍ കുന്നുമ്മല്‍ സൈതലവിയുടെ കുടുംബവീട്ടില്‍ ഒത്തുചേര്‍ന്നതായിരുന്നു ഇവര്‍. സഹോദരങ്ങളായ കുന്നുമ്മല്‍ ജാബിര്‍, കുന്നുമ്മല്‍ സിറാജ് എന്നിവരുടെ ഭാര്യമാരും കുട്ടികളും സഹോദരിയും അടങ്ങുന്നവരായിരുന്നു കുടുംബ വീട്ടില്‍ ഒത്തു ചേര്‍ന്നത്.

കുട്ടികളുടെ നിര്‍ബന്ധപ്രകാരമാണ് തൂവരല്‍ത്തീരത്തേക്ക് പോകാന്‍ കുടുംബം തീരുമാനിച്ചത്. സൈതലവിയാണ് എല്ലാവരെയും കട്ടാങ്ങലില്‍ എത്തിച്ചത്. ഒരു കാരണവശാലും ബോട്ടില്‍ കയറരുതെന്ന് പറഞ്ഞിരുന്നു. തുടര്‍ന്ന് വീട്ടില്‍ തിരിച്ചെത്തി ഭാര്യയ്ക്ക് ഫോണ്‍ ചെയ്തപ്പോള്‍ കൂട്ടനിലവിളി മാത്രമാണ് കേട്ടത്. വൈകാതെ സംഭവസ്ഥലത്തേക്കു പാഞ്ഞെത്തിയെങ്കിലും പ്രിയപ്പെട്ടവരുടെ വേര്‍പാട് നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളു.

കുന്നുമ്മല്‍ ജാബിറിന്റെ ഭാര്യ ജല്‍സിയ, മകന്‍ ജരീര്‍, കുന്നുമ്മല്‍ സിറാജിന്റെ ഭാര്യ, മക്കളായ നൈറ, റുഷ്ദ, സഹറ, സൈതലവിയുടെ ഭാര്യ സീനത്ത്, മക്കളായ ഷംന, ഹസ്‌ന, സഫ്‌ന എന്നിവരാണ് മരിച്ചത്. പത്തു മാസം മാത്രം പ്രായമുള്ള സിറാജിന്റെ കുഞ്ഞും മരിച്ചു. ഇനി കുടുംബത്തില്‍ അവശേഷിക്കുന്നത് മാതാവും മൂന്ന് ആണ്‍മക്കളും പിന്നെ പരുക്കേറ്റ സഹോദരിയും മക്കളും അടക്കം എട്ട് പേര്‍ മാത്രം.

പരപ്പനങ്ങാടി-താനൂര്‍ നഗരസഭാ അതിര്‍ത്തിയിലെ പൂരപ്പുഴയില്‍ ഒട്ടുംപുറം തൂവല്‍ തീരത്തിനുസമീപം ഇന്നലെ രാത്രി ഏഴോടെയായിരുന്നു അപകടമുണ്ടായത്. 7 കുട്ടികള്‍ ഉള്‍പ്പെടെ 22 പേര്‍ മരിച്ചു. പുഴയുടെ മധ്യഭാഗത്തെത്തിയപ്പോള്‍ ബോട്ട് കീഴ്‌മേല്‍ മറിയുകയായിരുന്നു.

Exit mobile version