മലപ്പുറം: മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തി സര്‍വീസ് നടത്തിയ ബോട്ടാണ് താനൂരില്‍ ദുരന്തം വിതച്ചത്. സമയം കഴിഞ്ഞ ശേഷം സര്‍വീസ് നടത്തരുതെന്ന് നാട്ടുകാര്‍ പലപ്പോഴും ആവശ്യപ്പെട്ടിരുന്നു. അനധികൃതമായി ബോട്ട് സര്‍വീസ് നടത്തുന്നതിനെതിരെ പ്രദേശവാസികള്‍ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.
ബോട്ടപകടം നടന്നതിനു പിന്നാലെ രോക്ഷാകുലരായ നാട്ടുകാര്‍ ബോട്ട് ജെട്ടിയിലെ പാലം കത്തിച്ചു. കെട്ടുങ്ങല്‍ ബാച്ചിലെ താല്‍ക്കാലിക പാലമാണ് നാട്ടുകാര്‍ കത്തിച്ചത്. നാടിനെ നടുക്കിയ ബോട്ടപകടം പുറത്തറിഞ്ഞത് രാത്രി 7.45 ന്. ഫയര്‍ഫോഴ്‌സിനും ദ്രുതകര്‍മ്മ സേനയ്ക്കുമൊപ്പം നാട്ടുകാരും മത്സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. വെളിച്ചക്കുറവും വാഹനങ്ങള്‍ എത്തിച്ചേരാനുള്ള സൗകര്യത്തിന്റെ അഭാവവും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. അപകടം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം ബോട്ട് കരയ്ക്ക് വലിച്ചടുപ്പിക്കുമ്പോള്‍ നിരവധി പേര്‍ അതില്‍ കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു.