കൊച്ചി: താനൂരില്‍ ബോട്ടപകടം നടന്ന സ്ഥലത്ത് ഇനി കണ്ടെത്താനുള്ളത് ഒരാളെ മാത്രമാണെന്ന് പൊലീസ് നിഗമനം. മറ്റാരെയെങ്കിലും കാണാതായെന്ന് രക്ഷപ്പെട്ടവരോ ബന്ധുക്കളോ ഇതുവരെ പറഞ്ഞിട്ടില്ല. ബോട്ടില്‍ നാല്‍പതു പേര്‍ ഉണ്ടായിരുന്നുവെന്നാണ് പറഞ്ഞതെങ്കിലും ഇതിലും വ്യക്തത വന്നിട്ടില്ല. അതേസമയം അഞ്ച് പേര്‍ ടിക്കറ്റെടുത്തെങ്കിലും ബോട്ടില്‍ കയറിയില്ലെന്നും വ്യക്തമാക്കി. 22 പേര്‍ക്കാണ് സംഭവത്തില്‍ ജീവന്‍ നഷ്ട്ടമായത്. 10 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. അഞ്ച് പേര്‍ നീന്തിക്കയറിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ജില്ലാ കളക്ടറുടെ അഭ്യര്‍ത്ഥന പ്രകാരം ഇന്ത്യന്‍ നേവി സംഘം സ്ഥലത്തെത്തി. ഇവര്‍ ദേശീയ ദുരന്ത നിവാരണ സേനയുമായി സംസാരിക്കുകയാണ്. ഇനി നേവിയുടെ നേതൃത്വത്തിലാകും തിരച്ചില്‍ നടക്കുക.
അപകടവുമായി ബന്ധപ്പെട്ട് ബോട്ട് ഉടമയ്‌ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. താനൂര്‍ സ്വദേശി നാസറിന് എതിരെയാണ് കേസ്. ഇയാള്‍ ഒളിവിലാണെന്ന് പൊലീസ് പറയുന്നു. മാനദണ്ഡങ്ങള്‍ ലംഘിച്ചായിരുന്നു ബോട്ട് യാത്രയെന്ന് പോലീസിന്റെ എഫ്‌ഐആറില്‍ പറയുന്നു.അതെസമയം പലതവണ ഈ ബോട്ടിനെ കുറിച്ചുള്ള പരാതി പൊലീസിനെ അറിയിച്ചെങ്കിലും യാതൊരു നടപടിയും പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നാണ് നാട്ടുകാരടക്കം ആരോപിക്കുന്നത്.
അപകടത്തില്‍ പെട്ട അറ്റ്‌ലാന്റിക് എന്ന ബോട്ട് മുന്‍പ് മത്സ്യബന്ധന ബോട്ടായിരുന്നു. ഇതിനെ രൂപമാറ്റം വരുത്തിയാണ് താനൂരില്‍ വിനോദസഞ്ചാരത്തിനായി ഉപയോഗിച്ചിരുന്നത്. ബോട്ടിന് ഫിറ്റ്‌നസ് ലഭിച്ച കാര്യത്തില്‍ അടക്കം പോലീസ് പരിശോധന നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. സംസ്ഥാന തുറമുഖ വകുപ്പ്, ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പറേഷന്‍ എന്നിവരുടെ ലൈസന്‍സ് ബോട്ടിന് ഉണ്ടെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. ലൈസന്‍സ് നമ്പര്‍ ബോട്ടില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.