താനൂര്‍: താനൂര്‍ ബോട്ടപകടത്തില്‍ 22 പേരുടെ മരണം സ്ഥിരീകരിച്ച് മന്ത്രി കെ. രാജന്‍. ഞായറാഴ്ച്ച രാത്രിയ്ക്കു ശേഷം ആരെയെങ്കിലും കാണാനില്ല എന്ന പരാതിയുമായി ആരും എത്തിയിട്ടില്ല എന്നത് ആശ്വാസമാണെന്ന് മന്ത്രി വ്യക്തമാക്കി.
പരാതികള്‍ ലഭിക്കാത്തുക്കൊണ്ടു തന്നെ മരണസംഖ്യ ഇനിയും കൂടിയേക്കില്ല എന്ന പ്രതീക്ഷയിലാണ്. മരണപ്പെട്ടവരുള്‍പ്പടെ 37 പേരുടെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കോഴിക്കോടുള്‍പ്പടെയുള്ള വിവിധ ആശുപത്രികളില്‍ നിന്നായി പത്തു പേരെ തിരിച്ചറിഞ്ഞു. ഇന്നലെ പോലീസും ഫയര്‍ഫോഴ്സും നേരിട്ടു കണ്ട അഞ്ചു പേര്‍ നീന്തിക്കയറിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. – മന്ത്രി പറഞ്ഞു.
മരിച്ച 22 പേരില്‍ 19 പേരെയാണ് നിലവില്‍ തിരിച്ചറിഞ്ഞിട്ടുള്ളത്. അതില്‍ മൂന്നു പേരുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. അപകടം നടന്ന സ്ഥലത്തു നിന്ന് ഒരു കൈയുടെ ഭാഗം ലഭിച്ചത് ആശങ്ക സൃഷ്ടിച്ചു. ഇനിയാരെങ്കിലും ചെളിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ നേവിയുടെ തെരച്ചില്‍ തുടരുകയാണ്.