ആരോപണങ്ങൾ മുഖ്യമന്ത്രി നിഷേധിച്ചിട്ടില്ല, മറുപടി പറയാന്‍ നല്‍കുന്ന അവസാന അവസരം: വി ഡി സതീശന്‍

എഐ ക്യാമറ വിഷയത്തിൽ മുഖ്യമന്ത്രി മൗനം വെടിയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പദ്ധതിയുടെ ആദ്യാവസാനം സര്‍ക്കാരും കെല്‍ട്രോണും എസ്ആര്‍ഐടിയും ഗൂഢാലോചന നടത്തിയെന്ന് വി ഡി സതീശൻ ആരോപിച്ചു.

ആരോപണങ്ങൾ ഇതുവരെ മുഖ്യമന്ത്രി നിഷേധിച്ചിട്ടില്ല. മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് നല്‍കുന്ന അവസാനത്തെ അവസരമാണിതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കോടിക്കണക്കിന് രൂപ കൊള്ളയടിക്കാനുള്ള എസ്റ്റിമേറ്റ് രൂപീകരണമാണ് നടന്നത്. എസ്റ്റിമേറ്റ് തയ്യാറാക്കിയതില്‍ അഴിമതി നടന്നു. കെല്‍ട്രോണ്‍ അറിയാതെ എസ്ആര്‍ഐടി ഹൈദരാബാദ് കമ്പനിയുമായി സര്‍വീസ് എഗ്രിമെന്റ് വച്ചു. പത്ത് ദിവസം കഴിഞ്ഞാണ് കെല്‍ട്രോണ്‍ ഇത് അറിയുന്നത്. കെല്‍ട്രോണ്‍ അറിഞ്ഞുകൊണ്ട് ടെന്‍ഡര്‍ ഡോക്യുമെന്റില്‍ പറഞ്ഞ മുഴുവന്‍ കാര്യങ്ങളും ലംഘിക്കുകയാണ്. കെല്‍ട്രോണ്‍ എല്ലാ ഒത്താശയും ചെയ്തുകൊടുത്തുവെന്നും വി ഡി സതീശന്‍ ആരോപിച്ചു.

പ്രതിപക്ഷം രേഖകള്‍ പുറത്തുവിട്ടതിന് ശേഷമാണ് കെല്‍ട്രോണ്‍ രേഖകള്‍ പുറത്തുവിട്ടത്. പദ്ധതിയുടെ ആദ്യാവസാനം വലിയ തട്ടിപ്പാണ് നടന്നത്. മുഖ്യമന്ത്രിയുടെ കാര്‍മികത്വത്തിലാണ് കൊള്ള നടന്നത്. അഴിമതിക്കെതിരെ സമരം നടത്തുമെന്നും വി ഡി സതീശന്‍ പറഞ്ഞു. രമേശ് ചെന്നിത്തലയുമായി ആലോചിച്ച് തന്നെയാണ് വാര്‍ത്താസമ്മേളനം നടത്തുന്നതെന്നും എല്ലാവരും കൂടി ആലോചിച്ചെടുത്ത തീരുമാനമാണെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

Summary: CM not denying allegations, last chance to reply: VD Satheesan

Exit mobile version