നെടുങ്കണ്ടത്ത് അഞ്ചും ഏഴും വയസ്സുള്ള പെണ്‍കുട്ടികളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ബന്ധു കസ്റ്റഡിയില്‍. അക്കങ്ങളും അക്ഷരമാലയും തെറ്റില്ലാതെ ചൊല്ലിയില്ല എന്ന് ആരോപിച്ചാണ് കുട്ടികളെ മര്‍ദിച്ചത്.
കുട്ടികളുടെ പിതാവിന്റെ സഹോദരീഭര്‍ത്താവാണ് മര്‍ദനത്തിന് ഇരയാക്കിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ ദിവസങ്ങളില്‍ രാത്രി 11.30 മുതല്‍ പുലര്‍ച്ചെ 1.30 വരെ വീട്ടില്‍നിന്നു കുട്ടികളുടെ ഉറക്കെയുള്ള നിലവിളി കേട്ട നാട്ടുകാര്‍ ആശാ വര്‍ക്കറെ വിവരമറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. 5 വയസ്സുകാരിയുടെ ദേഹത്ത് 10 മുറിവുകളും ചതവുകളും 7 വയസ്സുകാരിയുടെ ശരീരത്തില്‍ 14 ചതവുകളും കണ്ടെത്തിയെന്നു പൊലീസ് അറിയിച്ചു.
കുട്ടികളുടെ മാതാവ് മാനസികവെല്ലുവിളി നേരിടുന്നയാളാണ്. വാടകവീട്ടില്‍ ബന്ധുവിനൊപ്പമാണു കുട്ടികളും രക്ഷിതാക്കളും താമസിക്കുന്നത്. ജോലി കഴിഞ്ഞെത്തുന്ന പിതാവ് മദ്യലഹരിയില്‍ ഉറങ്ങിക്കഴിയുമ്പോഴാണു കുട്ടികളെ ബന്ധു മര്‍ദിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു. മുറിയില്‍ കയറ്റി കതകടച്ചശേഷം കസേരയില്‍ കയറ്റി നിര്‍ത്താറുണ്ടെന്നും അക്കങ്ങളും അക്ഷരമാലയും ചൊല്ലുന്നതു തെറ്റിയാല്‍ കാപ്പിക്കമ്പും പൈപ്പും ഉപയോഗിച്ചു മര്‍ദിക്കാറുണ്ടെന്നും കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഉപ്പ് നിലത്തു വിതറി അതില്‍ നിര്‍ത്തിയതിനാല്‍ ഇരുവരുടെയും കാല്‍മുട്ടില്‍ മുറിവുണ്ടായിട്ടുണ്ട്. 5 വയസ്സുകാരിയുടെ മുഖത്ത് തീപ്പൊള്ളലേറ്റ പാടുമുണ്ട്.
Discussion about this post