തമിഴ്‌നാട് വനമേഖലയിലേക്ക് കടന്ന അരിക്കൊമ്പന്‍ തിരികെ വീണ്ടും കേരളത്തിലെ വനമേഖലയിലേക്ക് മടങ്ങുന്നുവെന്ന് സൂചനകള്‍. തമിഴ്‌നാട് വനമേഖലയിലാണ് അരിക്കൊമ്പനുള്ളത്. അരിക്കൊമ്പനില്‍ ഘടിപ്പിച്ചിരിക്കുന്ന റേഡിയോ കോളറില്‍ നിന്ന് ഒടുവില്‍ ലഭിക്കുന്ന സിഗ്നല്‍ തമിഴ്‌നാട് മേഖലയിലെ വണ്ണാത്തിപ്പാറയില്‍ നിന്നാണ്. ഇതാണ് കേരളത്തിലെ വനമേഖലയിലേക്ക് അരിക്കൊമ്പന്‍ സഞ്ചരിക്കുകയാണെന്ന തോന്നലുണ്ടാക്കുന്നത്.
പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ കഴിഞ്ഞ ദിവസം തുറന്നുവിട്ട സ്ഥലത്തിന് മൂന്ന് കിലോമീറ്റര്‍ അകലെയായിരുന്നു. വിവിധ സ്ഥലങ്ങളിലായി പുല്ല് വച്ചിരുന്നുവെങ്കിലും എടുത്തിരുന്നില്ല. മരുന്നുചേര്‍ത്ത വെള്ളം വച്ച വീപ്പകളില്‍ രണ്ടെണ്ണം മറിച്ചിട്ടിരുന്നു.
ശനിയാഴ്ച 11.55ഓടെയാണ് അരിക്കൊമ്പനെ മയക്കുവെടിവെച്ചത്. സൂര്യനെല്ലി ഭാഗത്ത് നിന്നും സിമന്റ് പാലത്തിന് സമീപത്തേക്ക് എത്തിയ ഉടനെയായിരുന്നു മയക്കുവെടി വെച്ചത്. മയങ്ങാതിരുന്നതോടെ വീണ്ടും മയക്കുവെടിവെച്ചാണ് ആനയെ നിയന്ത്രണത്തിലാക്കിയത്.
സമീപത്തുണ്ടായിരുന്ന ചക്കക്കൊമ്പനെ മാറ്റിയ ശേഷമാണ് ഫൊറന്‍സിക് സര്‍ജന്‍ അരുണ്‍ സഖറിയ വെടിവെച്ചത്. ജെസിബി ഉള്‍പ്പെടെ എത്തിച്ച് സ്ഥലം നിരപ്പാക്കിയ ശേഷമാണ് അരിക്കൊമ്പനെ ലോറിക്ക് സമീപത്തേക്ക് എത്തിച്ചത്. മയക്കത്തിലും ശൗര്യം കാട്ടുന്ന അരിക്കൊമ്പനെയാണ് ചിന്നക്കനാലില്‍ കണ്ടത്.