മുംബൈ: എൻ.സി.പി അധ്യക്ഷ സ്ഥാനമൊഴിഞ്ഞ് ശരദ് പവാർ. ആത്മകഥാ പ്രകാശന ചടങ്ങിലാണ് ശരദ് പവാറിന്റെ പ്രഖ്യാപനം. മുതിര്‍ന്ന എന്‍സിപി നേതാക്കളുടെ സമിതി ഭാവി പരിപാടി തീരുമാനിക്കുമെന്നും ശരദ് പവാര്‍ അറിയിച്ചു. പ്രഫുല്‍ പട്ടേല്‍, സുനില്‍ തത്കരെ, പി സി ചാക്കോ, നര്‍ഹരി സിര്‍വാള്‍, അജിത് പവാര്‍, സുപ്രിയ സുലെ, ജയന്ത് പാട്ടീല്‍, ഛഗന്‍ ഭുജബല്‍, ദിലീപ് വാല്‍സെ പാട്ടീല്‍, അനില്‍ ദേശ്മുഖ്, രാജേഷ് തോപ്പെ, ജിതേന്ദ്ര ഔഹദ്, ഹസന്‍ മുഷ്രിഫ്, ധനന്‍ എന്നിവരാണ് സമിതിയില്‍ ഉള്‍പ്പെടുന്നത്.
ശരദ് പവാറിന്റെ രാജി അജിത് പവാർ ‘സംശയനിഴലിൽ’ നിൽക്കുന്ന സാഹചര്യത്തിൽ പാർട്ടി പുനഃസംഘടനയ്ക്കു വഴിയൊരുക്കാനാണെന്നാണ് അഭ്യൂഹം. എന്നാല്‍ ആരാവും ഇനി പാര്‍ട്ടിയെ നയിക്കുകയെന്ന് അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ല. തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു പവാറിന്റെ രാജി പ്രഖ്യാപനം.
ഇതോടെ ഞെട്ടിയ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. തീരുമാനം മാറ്റാതെ വേദി വിടില്ലെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. രാജിക്കാര്യത്തില്‍ എന്‍സിപി കമ്മിറ്റി എടുക്കുന്ന തീരുമാനം ശരദ് പവാര്‍ അംഗീകരിക്കുമെന്ന് അജിത് പവാര്‍ പ്രതികരിച്ചു. ആരുമായും ആലോചിക്കാതെയാണ് പവാര്‍ രാജി പ്രഖ്യാപിച്ചതെന്ന് എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.
1999 ൽ എൻസിപി രൂപീകരിച്ച നാൾ മുതൽ അധ്യക്ഷനായി തുടർന്ന് വരികയായിരുന്നു. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനെയും ശിവസേനയേയും എന്‍സിപിയെയും ചേര്‍ത്ത് മഹാ വികാസ് അഘാഡി സര്‍ക്കാരിനു രൂപം നല്‍കി ബിജെപിക്കു വന്‍തിരിച്ചടി നല്‍കുന്നതിന്റെ ബുദ്ധികേന്ദ്രം ശരദ് പവാര്‍ ആയിരുന്നു. രാജ്യസഭയിൽ ഇനിയും മൂന്ന് വർഷത്തെ കാലാവധി യുണ്ടെന്നും ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും ശരദ് പവാർ പറഞ്ഞു.
Discussion about this post