കോട്ടയം: കടുത്തുരുത്തിയിൽ സൈബർ ആക്രമണത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ മുൻ സുഹൃത്തിനായി അന്വേഷണം ഊർജിതമാക്കി പൊലീസ്. കോതനല്ലൂർ സ്വദേശി ആതിരയാണ് മരിച്ചത്. ആതിരയുടെ സുഹൃത്ത് അരുൺ വിദ്യാധരനെതിരെ ആത്മഹത്യപ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്. ഇയാൾ ഒളിവിലാണെന്നാണ് ലഭിക്കുന്ന വിവരം. മരിച്ച ആതിരയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും.
സൗഹൃദം അവസാനിപ്പിച്ചതിന്റെ പേരിലായിരുന്നു അരുണിന്റെ സൈബറാക്രമണം. സാമൂഹിക മാധ്യമങ്ങളിലൂടെ യുവതിക്കെതിരെ മോശം പരാമർശങ്ങളും ചിത്രവും പങ്കുവെച്ചിരുന്നു. ഇതിനെതിരെ ആതിര നൽകിയ പരാതിയിൽ വൈക്കം എസ്പി നേരിട്ട് ഇടപെടുകയും ചെയ്തു.
സൗഹൃദം അവസാനിപ്പിച്ച ശേഷവും ആതിരയ്ക്കൊപ്പമുളള ചിത്രങ്ങളും മറ്റും അരുൺ ഫേസ്ബുക്കിൽ പ്രചരിപ്പിച്ചുവെന്നായിരുന്നു പരാതി. എന്നാൽ തിങ്കളാഴ്ച രാവിലെ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആതിരയുടെ കുടുംബം നൽകിയ പരാതിയിലാണ് കേസ്. പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സൈബർ അക്രമണത്തെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന കാര്യം പൊലീസ് സ്ഥിരീകരിക്കുന്നു.