വിവാഹമോചനത്തിന് ഇനി ആറ് മാസം കാത്തിരിക്കേണ്ട: സുപ്രീം കോടതി വിധി

ന്യൂഡൽഹി: വിവാഹമോചനത്തിൽ സുപ്രധാന വിധിയുമായി സുപ്രീം കോടതി. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആറുമാസത്തെ നിർബന്ധിത കാത്തിരിപ്പ് കാലയളവ് ആവശ്യമില്ലന്ന് കോടതി വ്യക്തമാക്കി. എന്നാൽ ഇത് നിബന്ധനകള്‍ക്ക് വിധേയമായിരിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

സുപ്രീംകോടതിയുടെ വിവേചനാധികാരത്തിന്റെ അടിസ്ഥാനത്തില്‍ ആര്‍ട്ടിക്കിള്‍ 142 പ്രകാരമാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, എ എസ് ഓക്ക, വിക്രം നാഥ്, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവന നടത്തിയത്. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനം സംബന്ധിച്ച് സുപ്രീം കോടതി മാര്‍ഗരേഖയും ഇതോടൊപ്പം പുറപ്പെടുവിച്ചിട്ടുണ്ട്.

പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ബാധകമായ 6 മാസം കാത്തിരിക്കേണ്ട നിയമപരമായ ബാധ്യത ആവശ്യമില്ലെന്നും, ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള ദാമ്പത്യം വീണ്ടെടുക്കാനാകാത്തത്ര തകര്‍ച്ചയിലെത്തിയാല്‍ വിവാഹബന്ധം വേര്‍പെടുത്താമെന്നും കോടതി പറഞ്ഞു. ജീവനാംശം ഉള്‍പ്പെടെയുള്ള മറ്റ് വ്യവസ്ഥകളും കോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 13 ബി പ്രകാരം പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിനായുള്ള കാലയളവ്, ആര്‍ട്ടിക്കിള്‍ 142 പ്രകാരം സുപ്രീം കോടതിക്ക് നീക്കാനാകുമോ എന്നായിരുന്നു ബെഞ്ച് പരിശോധിച്ചത്. ഇതില്‍ വാദം കേള്‍ക്കുന്നതിനിടെ പരസ്പര സമ്മതത്തോടെ വേര്‍ പിരിയാന്‍ തീരുമാനിച്ച ദമ്പതികള്‍ക്ക് വിവാഹം വേര്‍പെടുത്താമെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു.

Summary: Supreme Court verdict on Mutual divorce; six months not mandatory

Exit mobile version