ന്യൂഡൽഹി: ബാർകോഴ കേസിൽ സുപ്രീംകോടതി ഉത്തരവിട്ടാൽ അന്വേഷിക്കാമെന്ന് സിബിഐ. ഇത് സംബന്ധിച്ച സത്യവാങ്മൂലം സിബിഐ സുപ്രീം കോടതിയിൽ ഫയൽ ചെയ്തു. കൊച്ചി സിബിഐ യൂണിറ്റിലെ എസ് പി എ ഷിയാസാണ് സുപ്രീം കോടതിയിൽ നിലപാട് അറിയിച്ചത്.
കെ എം മാണിക്കെതിരെ കേരള ബാർ ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ബിജു രമേശിന്റെ വെളിപ്പെടുത്തലാണ് കേസിന് ആധാരം. 2014ൽ അന്നത്തെ ധനകാര്യ മന്ത്രിയായിരുന്ന കെ എം മാണി സംസ്ഥാനത്തെ 418 ബാറുകൾ തുറക്കാൻ അഞ്ച് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് ബിജു രമേശ് ആരോപിച്ചത്. പിന്നാലെ പി എൽ ജേക്കബ് എന്നയാൾ ആരോപണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നൽകി. ഇതുമായി ബന്ധപ്പെട്ട സത്യവാങ്‌മൂലത്തിലാണ് സിബിഐ നിലപാടറിയിച്ചത്. രമേശ് ചെന്നിത്തല, വി എസ് ശിവകുമാർ, കെ ബാബു, ജോസ് കെ മാണി എന്നിവർക്കെതിരെ അന്വേഷണം വേണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
2014ൽ എക്‌സൈസ് മന്ത്രിയായിരുന്ന കെ ബാബു ബാർ ലൈസൻസ് പുതുക്കുന്നതിനും ലൈസൻസ് തുക കുറയ്‌ക്കുന്നതിനും ഒരു കോടി രൂപ കൈപ്പറ്റിയെന്ന് ബിജു രമേശ് ആരോപിച്ചിരുന്നു.
കെ എം മാണിക്കെതിരായ അന്വേഷണം മുഖ്യമന്ത്രി ഇടപെട്ട് തടഞ്ഞെന്ന ആരോപണം ഉണ്ടെന്നും സത്യവാങ്‌മൂലത്തിൽ സിബിഐ വ്യക്തമാക്കുന്നു.
Discussion about this post