പരാമര്‍ശം പിന്‍വലിക്കണം; സ്വപ്ന സുരേഷിനെതിരെ മാനനഷ്ടക്കേസുമായി എം.വി.ഗോവിന്ദന്‍

കണ്ണൂര്‍: സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിനെതിരെ മാനനഷ്ടത്തിന് പരാതി നല്‍കാനൊരുങ്ങി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30ന് തളിപ്പറമ്പ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ നേരിട്ട് ഹാജരായി പരാതി നല്‍കും. സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ.സന്തോഷ് സ്വപ്നയ്‌ക്കെതിരെ നല്‍കിയ പരാതിയിലെ എഫ്‌ഐആര്‍ ഹൈക്കോടതി സ്റ്റേ ചെയ്തതിനു പിന്നാലെയാണ് എം.വി.ഗോവിന്ദന്റെ നിയമനടപടി.

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെയുള്ള ആരോപണങ്ങളില്‍ നിന്ന് പിന്മാറിയാല്‍ 30 കോടി രൂപ നല്‍കാമെന്ന് ബെംഗളൂരുവിലെ ഒടിടി പ്ലാറ്റ്‌ഫോംസിഇഒ വിജേഷ് പിള്ള മുഖേന എം.വി.ഗോവിന്ദന്‍ അറിയിച്ചുവെന്ന സ്വപ്ന സുരേഷിന്റെ ഫെയ്‌സ്ബുക്കിലൂടെയുള്ള വെളിപ്പെടുത്തലിനെതിരെയാണ് എം.വി.ഗോവിന്ദന്‍ പരാതി നല്‍കുന്നത്.

സ്വപ്നയുടെ തനിക്കെതിരെയുള്ള പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കോടി രൂപ നഷ്ടപരിഹാരത്തിന് എം.വി.ഗോവിന്ദന്‍ സ്വപ്നയ്ക്കും വിജേഷ് പിള്ളയ്ക്കും വക്കീല്‍ നോട്ടിസ് അയച്ചിരുന്നു.എന്നാല്‍ നോട്ടിസിലെ ആരോപണങ്ങള്‍ വിജേഷ് പിള്ള നിഷേധിച്ചുവെങ്കിലും സ്വപ്ന സുരേഷിന്റെ മറുപടി ലഭിച്ചിരുന്നില്ല.

ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോപണത്തിനെതിരെ കോടതിയില്‍ ക്രിമിനല്‍ കേസും മാനനഷ്ടത്തിന് നഷ്ടപരിഹാര കേസും നല്‍കുന്നത്. കെ.സന്തോഷ് നല്‍കിയ പരാതിയില്‍, സ്വപ്നയ്ക്കും വിജേഷ് പിള്ളയ്ക്കുമെതിരെ തളിപ്പറമ്പ് പൊലീസ് എടുത്ത കേസിന്റെ എഫ്‌ഐആര്‍, സ്വപ്നയുടെ പരാതി പ്രകാരം 6 മാസത്തേക്കാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.

Exit mobile version