മൈസുരൂ: കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നേരെ മൊബൈല്‍ ഫോണ്‍ എറിഞ്ഞത് ബിജെപി പ്രവര്‍ത്തകയുടെ ആവേശം കാരണമെന്ന് കര്‍ണാടക പൊലീസ്. സംഭവത്തിന് പിന്നില്‍ യാതൊരു ദുരുദ്ദേശ്യവുമില്ലെന്ന് പൊലീസ് വ്യക്തമാക്കി.
കോണ്‍ഗ്രസ് അപമാനിച്ചെന്ന് പ്രചാരണത്തിനായി പ്രത്യേകം രൂപകല്പന ചെയ്ത വാഹനത്തില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോ ചിക്കഗഡിയാരയില്‍ എത്തിയപ്പോഴാണ് സംഭവം. പുഷ്പവര്‍ഷം നടത്തുന്നതിനിടെ ഒരു മൊബൈല്‍ ഫോണ്‍ ബോണറ്റില്‍ വന്ന് പതിക്കുകയായിരുന്നു. തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിനോട് (എസ്പിജി) പ്രധാനമന്ത്രി ഇക്കാര്യം അറിയിക്കുകയായിരുന്നു.
”എസ്പിജിയുടെ സുരക്ഷാവലയത്തിലാണ് പ്രധാനമന്ത്രി. പ്രധാനമന്ത്രിയുടെ വാഹനത്തിന് നേരെ എറിഞ്ഞ മൊബൈല്‍ ഫോണിന്റെ ഉടമ ബിജെപി പ്രവര്‍ത്തകയാണ്. അവര്‍ക്ക് ദുരുദ്ദേശ്യമൊന്നും ഉണ്ടായിരുന്നില്ലെന്നാണ് മനസിലാകുന്നത്. അവരെ കണ്ടെത്താന്‍ പൊലീസ് ശ്രമിക്കുകയാണ്. അവര്‍ക്ക് മൊബൈല്‍ ഫോണ്‍ എസ്പിജി ഉദ്യോഗസ്ഥര്‍ പിന്നീട് കൈമാറിയിരുന്നു.”- ക്രമസമാധാനചുമതലയുള്ള എഡിജിപി അലോക് കുമാര്‍ പറഞ്ഞു.
അതെസമയം പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ ഗുരുതവീഴ്ചയുണ്ടായി എന്ന ആക്ഷേപം പല കോണുകളില്‍നിന്നും ഉയര്‍ന്നുകഴിഞ്ഞു. മൈസൂരു-കുടക് എംപി പ്രതാപ് സിംഹ, മുന്‍ മന്ത്രിമാരായ കെ.എസ്.ഈശ്വരപ്പ, എസ്.എ.രാമദാസ് എന്നിവരും റോഡ് ഷോയില്‍ പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞയാഴ്ച കൊച്ചിയില്‍ നടന്ന റോഡ് ഷോയ്ക്കിടയിലും പ്രധാനമന്ത്രിക്ക് നേര്‍ക്കു മൊബൈല്‍ ഫോണ്‍ എറിഞ്ഞ സംഭവമുണ്ടായിരുന്നു.