വിജയവഴിയിലേക്ക് തിരിച്ചെത്തി റയല്‍ മാഡ്രിഡ്

ലാലിഗയില്‍ റയല്‍ മാഡ്രിഡ് വിജയവഴിയിലേക്ക് തിരിച്ചെത്തി. ബെര്‍ണബുവില്‍ വെച്ച് അല്‍ മേരിയയെ നേരിട്ട റയല്‍ മാഡ്രിഡ് രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് വിജയിച്ചത്. ബെന്‍സീമയുടെ ഹാട്രിക്ക് ആണ് റയലിന്റെ വിജയത്തില്‍ കരുത്തായത്. ഏപ്രില്‍ മാസത്തില്‍ ബെന്‍സീമ നേടുന്ന മൂന്നാം ഹാട്രിക്കാണിത്. നേരത്തെ ബാഴ്‌സലോണക്ക് എതിരെയും റയല്‍ വല്ലഡോയിഡിന് എതിരെയും ബെന്‍സീമ ഹാട്രിക്ക് നേടിയിരുന്നു. മത്സരം ആരംഭിച്ച് അഞ്ചാം മിനുട്ടില്‍ ബെന്‍സീമ ഗോളടി തുടങ്ങി. 17ആം മിനുട്ടില്‍ അദ്ദേഹം ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതി അവസാനിക്കും മുമ്പ് ഒരു പെനാള്‍ട്ടിയിലൂടെ ബെന്‍സീമ ഹാട്രിക്ക് പൂര്‍ത്തിയാക്കി. 45ആം മിനുട്ടില്‍ ലസാരോയുടെ ഗോളിലൂടെ അല്‍മേരിയ ഒരു ഗോള്‍ മടക്കി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ റോഡ്രിഗോ ഗോള്‍ നേടിയതോടെ മൂന്ന് ഗോള്‍ ലീഡ് വീണ്ടും റയല്‍ തിരികെ നേടി. റോബേര്‍ടോണിലൂടെ ഒരു ഗോള്‍ കൂടെ അല്‍മേരിയ മടക്കി എങ്കിലും പരാജയം ഒഴിവാക്കാന്‍ ആയില്ല. 32 മത്സരങ്ങളില്‍ നിന്ന് 68 പോയിന്റുമായി റയല്‍ മാഡ്രിഡ് രണ്ടാമത് നില്‍ക്കുകയാണ്.

Exit mobile version