സിദാന്‍ വീണ്ടും റയലിലേക്ക്

സിനദിന്‍ സിദാന്‍ വീണ്ടും റയല്‍ മാഡ്രിഡിലേക്ക് തന്നെ തിരികെയെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍.
റയല്‍ മാഡ്രിഡും സിദാനും തമ്മിലുള്ള ബന്ധം വളരെ ദൃഢമാണ്. പ്രധാന പരിശീലകനെന്ന നിലയില്‍ രണ്ടര വര്‍ഷത്തോളം റയല്‍ മാഡ്രിഡില്‍ ഉണ്ടായിരുന്ന ഫ്രഞ്ച് ഇതിഹാസം മൂന്നു ചാമ്പ്യന്‍സ് ലീഗുള്‍പ്പെടെ നിരവധി കിരീടങ്ങള്‍ സ്വന്തമാക്കിയാണ് ക്ലബ് വിട്ടത്. അതിനു ശേഷം ഒരു വര്‍ഷം തികയും മുന്‍പേ ക്ലബ്ബിലേക്ക് തിരിച്ചു വന്ന അദ്ദേഹം ഏതാനും സീസണുകള്‍ കൂടി ക്ലബിനൊപ്പം തുടര്‍ന്ന് പിന്നീട് വീണ്ടും സ്ഥാനമൊഴിയുകയായിരുന്നു.

യൂറോപ്പിലെ നിരവധി ക്ലബുകള്‍ നോട്ടമിട്ടിരുന്നെങ്കിലും ഇതുവരെയും റയല്‍ മാഡ്രിഡ് അല്ലാതെ മറ്റൊരു ക്ലബ്ബിനെ സിദാന്‍ പരിശീലിപ്പിച്ചിട്ടില്ല. അടുത്ത സീസണില്‍ സിദാന്‍ വീണ്ടും പരിശീലകസ്ഥാനത്തേക്ക് തിരിച്ചു വരാനിരിക്കെ താരത്തെ സ്വന്തമാക്കാന്‍ റയല്‍ മാഡ്രിഡ് നീക്കങ്ങള്‍ ആരംഭിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കാര്‍ലോ ആന്‍സലോട്ടിക്ക് പകരക്കാരനായാണ് സിദാനെ റയല്‍ മാഡ്രിഡ് ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നത്.

ആന്‍സലോട്ടിക്ക് കീഴില്‍ കഴിഞ്ഞ സീസണില്‍ ലീഗും ചാമ്പ്യന്‍സ് ലീഗും നേടിയ റയല്‍ മാഡ്രിഡിന് ഈ സീസണില്‍ ആ ഫോം ആവര്‍ത്തിക്കാന്‍ കഴിഞ്ഞുവെന്ന് പറയാന്‍ കഴിയില്ല. ചാമ്പ്യന്‍സ് ലീഗില്‍ സെമിയിലും കോപ്പ ഡെല്‍ റേയില്‍ ഫൈനലിലും എത്തിയെങ്കിലും ലീഗില്‍ ബാഴ്സലോണയെക്കാള്‍ ഒരുപാട് പിന്നിലാണ് റയല്‍ മാഡ്രിഡ്. ഈ സാഹചര്യം കണക്കിലെടുത്താണ് പുതിയ പരിശീലകനെ ക്ലബ് നേതൃത്വം തേടുന്നത്.

സ്‌പെയിനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം സിദാനുമായി റയല്‍ മാഡ്രിഡ് നേതൃത്വം ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. സാധ്യമായ രണ്ടു കിരീടങ്ങള്‍ നേടിയാല്‍ ആന്‍സലോട്ടി തുടരുമെങ്കിലും അത് സംഭവിച്ചില്ലെങ്കില്‍ സിദാനാണു ടീമിന്റെ പരിശീലകനായി എത്തുക. താന്‍ രണ്ടു തവണ പരിശീലിപ്പിച്ച ക്ലബ്ബിലേക്ക് തിരികെ വരാന്‍ താല്‍പര്യമുള്ള സിദാന്‍ മറ്റു ക്ലബുകളുടെ ഓഫര്‍ റയലിന് വേണ്ടി തഴയും എന്നുറപ്പാണ്. ചെല്‍സിയ്ക്കും യുവന്റസിനും സിദാനെ പരിശീലകനാക്കുന്നതില്‍ താല്‍പ്പര്യമുണ്ട്. സിദാന്റെ തീരുമാനമാണ് അതില്‍ നിര്‍ണായകമാകുക. ഫ്രഞ്ച് ടീമിന്റെ പരിശീലകനാകാന്‍ സിദാന് താല്‍പ്പര്യം മുണ്ടായിരുന്നെങ്കിലും ദെഷാംപ്‌സിന്റെ കാരാര്‍ ഫ്രഞ്ച് ഫുട്‌ബോള്‍ അസോസിയേഷന്‍ നീട്ടികൊടുക്കുകയായിരുന്നു.

അതേസമയം സിദാന്‍ റയല്‍ മാഡ്രിഡിലേക്ക് തിരിച്ചു വരുമെന്ന റിപ്പോര്‍ട്ടുകള്‍ പ്രതീക്ഷ നല്‍കുക ബ്രസീല്‍ ആരാധകര്‍ക്കാവും. കാര്‍ലോ ആന്‍സലോട്ടിയെ പരിശീലകനാക്കാന്‍ കൊണ്ടു പിടിച്ച ശ്രമങ്ങള്‍ നടത്തുകയാണ് ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍. എന്നാല്‍ അദ്ദേഹം അടുത്ത സീസണിലും റയലില്‍ തുടര്‍ന്നാല്‍ അത് സാധ്യമാകില്ല. അതുകൊണ്ടു തന്നെ റയല്‍ മാഡ്രിഡില്‍ നിന്നും അദ്ദേഹം സ്ഥാനമൊഴിയുന്നതാണ് ബ്രസീല്‍ ആരാധകര്‍ കാത്തിരിക്കുന്നത്.

Exit mobile version