അരിക്കൊമ്പന്റെ ദേഹത്ത് ആഴത്തിലുള്ള മുറിവ്; ആരോഗ്യനില തൃപ്തികരമെന്ന് ഡോ അരുണ്‍ സക്കറിയ

ഇടുക്കി: അരിക്കൊമ്പന്റെ ദേഹത്ത് ആഴത്തിലുള്ള മുറിവുണ്ടെന്നും നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നും ഡോ അരുണ്‍ സക്കറിയ പറഞ്ഞു. തുറന്നു വിടുന്നതിനു മുമ്പ് ചികിത്സ നല്‍കി. ഇനിയും ചികിത്സ ചെയ്യുമെന്നും അരുണ്‍ സക്കറിയ പറഞ്ഞു. ആനയെ കൊണ്ടുപോയ ആനിമല്‍ ആംബുലന്‍സ് ഉള്‍പ്പടെ മുഴുവന്‍ വാഹനങ്ങളും നിലവില്‍ പുറത്തെത്തി.

അതേസമയം, അരിക്കൊമ്പന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. പെരിയാര്‍ ടൈഗര്‍ റിസര്‍വിന് മുന്നില്‍ പൂജ നടത്തിയത് വിവാദം ആക്കേണ്ടതില്ല. ഓരോ നാട്ടിലും ഓരോ സമ്പ്രദായമുണ്ട്. അതൊന്നും ചര്‍ച്ചയാക്കേണ്ട ആവശ്യമില്ല. അരിക്കൊമ്പന്റെ ആരോഗ്യത്തിന് വേണ്ടിയാണ് പൂജ നടത്തിയതെന്നാണ് മനസിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ആനയെ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ചിന്നക്കനാല്‍ ഭാഗത്ത് ആനക്കൂട്ടം ഉണ്ട്. മൂന്നാര്‍ ഡിഎഫ്ഒയോട് നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആന ഇപ്പോള്‍ പെരിയാര്‍ സങ്കേതത്തിലാണ്. ജനവാസ കേന്ദ്രത്തില്‍ നിന്ന് 25 കിലോമീറ്റര്‍ അകത്താണ് ആനയുള്ളതെന്നും മന്ത്രി മന്ത്രി കൂട്ടിച്ചേര്‍ത്തു.

Exit mobile version