മാനനഷ്ടക്കേസ്: രാഹുൽ ഗാന്ധിയുടെ ഹരജി പരിഗണിക്കുന്നത് ബി.ജെ.പി മന്ത്രിയുടെ അഭിഭാഷകനായിരുന്ന ജഡ്ജി

മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെതിരേ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഗുജറാത്ത് ഹൈകോടതിയിൽ നൽകിയ അപ്പീൽ പരിഗണിക്കുന്നത് മുൻ ബി.ജെ.പി മന്ത്രി മായാ കൊട്നാനിയുടെ അഭിഭാഷകരിൽ ഒരാളായിരുന്ന, ജസ്റ്റിസ് ഹേമന്ത് എം പ്രചക്. 2002ലെ ഗുജറാത്ത് കലാപക്കേസുകളിലാണ് മായാ കൊട്നാനിക്ക് വേണ്ടി ഹേമന്ത് എം പ്രചക് ഹാജരായത്. അഹമ്മദാബാദിലെ നരോദ പാട്യ, നരോദ ഗാം പ്രദേശങ്ങളിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറിലധികം മുസ്‌ലിംകൾ കൊല്ലപ്പെട്ട കേസുകളിലൊന്നിൽ ജസ്റ്റിസ് പ്രചക്, മായാ കൊട്നാനിക്ക് വേണ്ടി വാദിച്ചിരുന്നു. നരോദ പാട്യ, നരോദ ഗാം കേസുകളിലെ എല്ലാ പ്രതികളെയും ഒരാഴ്ച മുമ്പ് ഗുജറാത്തിലെ പ്രത്യേക കോടതി കുറ്റവിമുക്തരാക്കിയതും ശ്രദ്ധേയമാണ്.

2019ൽ കാർണാടകയിൽ നടത്തിയ പ്രസംഗത്തിന്‍റെ പേരിലുള്ള മാനനഷ്ടക്കേസിലെ ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള രാഹുൽ ഗാന്ധിയുടെ ഹരജി നേരത്തെ സൂറത് സെഷൻസ് കോടതി തള്ളിയിരുന്നു. കേസിൽ രണ്ടു വർഷത്തെ തടവു ശിക്ഷ വിധിച്ച കീഴ് കോടതി ഉത്തരവിനെതിരെ രാഹുൽ ഗാന്ധി സമർപ്പിച്ച ഹരജിയാണ് സൂറത് സെഷൻസ് കോടതി ജഡ്ജ് റോബിൻ പോൾ മൊഗേര തള്ളിയത്. തുടർന്നാണ് രാഹുൽ ഗാന്ധി ഹൈകോടതിയെ സമീപിച്ചത്. സൂറത് സെഷൻസ് കോടതിയിൽ കേസ് പരിഗണിച്ച ജഡ്ജ് മൊഗേര 2006ൽ തുൽസിറാം പ്രജാപതി വ്യാജ ഏറ്റുമുട്ടൽ കേസിൽ, ആഭ്യന്തര മന്ത്രി അമിത്ഷാക്ക് വേണ്ടി ഹാജരായ അഭിഭാഷകനായിരുന്നു.

ഏപ്രിൽ 27 ന് മാനനഷ്ടക്കേസ് പരിഗണിക്കാനിരുന്ന ജസ്റ്റിസ് ഗീത ഗോപി കേസ് കേൾക്കുന്നതിൽ നിന്ന് സ്വയം പിന്മാറിയിരുന്നു. ക്രിമിനൽ റിവിഷൻ അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു രാഹുലിന്റെ അഭിഭാഷകൻ പങ്കജ് ചമ്പനേരിയുടെ ആവശ്യം. എന്നാൽ, ഇത് തന്റെ മുന്നിലല്ല പരിഗണിക്കേണ്ടത് എന്ന് പറഞ്ഞ് അവർ പിന്മാറുകയായിരുന്നു.

Exit mobile version