തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ യു എ ഇ സന്ദര്‍ശനം റദ്ദാക്കി. കേന്ദ്രത്തില്‍നിന്ന് അനുമതി ലഭിക്കാത്തതിനെത്തുടര്‍ന്നാണ് മാറ്റിവെച്ചതെന്നാണു സൂചന. യു എ ഇ സര്‍ക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരം വാര്‍ഷിക നിക്ഷേപ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മേയ് ഏഴിനാണ് മുഖ്യമന്ത്രി സന്ദര്‍ശനം നിശ്ചയിച്ചത്. നാലുദിവസത്തെ സന്ദര്‍ശനത്തില്‍ മന്ത്രിമാരായ പി രാജീവും പി എ മുഹമ്മദ് റിയാസും യു എ ഇ യില്‍ മുഖ്യമന്ത്രിയോടൊപ്പം വിവിധ ചടങ്ങുകളില്‍ പങ്കെടുക്കുമെന്നും തീരുമാനിച്ചിരുന്നു.
യു എ ഇ സര്‍ക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം ഒരുക്കിയത്. രണ്ടാം എല്‍ ഡി എഫ്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി, അബുദാബി കേരള സോഷ്യല്‍ സെന്റര്‍ മെയ് ഏഴിന് നാഷണല്‍ തീയേറ്ററില്‍ വമ്പിച്ച സ്വീകരണ പരിപാടിയും ഒരുക്കിയിരുന്നു. ഇവിടെ പൊതുജനങ്ങളുമായി മുഖ്യമന്ത്രി സംവദിക്കുമെന്നും അറിയിച്ചിരുന്നു. മെയ് പത്തിന് ദുബായിലും മുഖ്യമന്ത്രിക്ക് സ്വീകരണം ഒരുക്കിയിരുന്നു.