ഹാ ഭയ്യാ ക്യാ ഹാല്‍ ഹേ?; സെല്‍ഫി എടുക്കുന്നതിനിടെ ആരാധകന്റെ ഫോൺ കോള്‍ അറ്റന്‍ഡ് ചെയ്ത് സഞ്ജു

സെൽഫി എടുക്കുന്നതിനിടെ ആരാധകന്റെ ഫോണിലേക്കുവന്ന കോൺ എടുത്തു സംസാരിച്ച് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണ്‍. കഴിഞ്ഞ ദിവസം രാജസ്ഥാന്റെ ഹോം ഗ്രൗണ്ടായ ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ പതിവ് പരിശീലനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സംഭവം. ഇതിന്റെ വീഡിയോ രാജസ്ഥാന്‍ റോയല്‍സ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു.

സെല്‍ഫിയെടുക്കുന്നതിനിടെ കോള്‍ വരുമ്പോള്‍ കോള്‍ ആ രഹാ ഹേ എന്ന് സഞ്ജു പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. ഉടനെ തന്നെ സഞ്ജു കോള്‍ അറ്റന്‍ഡ് ചെയ്തു. ഇതോടെ ആരാധകരെല്ലാം ആര്‍പ്പുവിളിക്കുകയും ചെയ്തു. സഞ്ജു ഭയ്യയാണ് സംസാരിക്കുന്നത് എന്ന് ആരാധകന്‍ വിളിച്ചുപറയുമ്പോള്‍ വിളിച്ചയാള്‍ ഫോണിലൂടെ സഞ്ജു ഭയ്യ എന്ന് പറയുകയും ചെയ്യുന്നുണ്ട്. ഇതിന് മറുപടിയായി എന്താണ് വിശേഷം എന്ന് സഞ്ജു ചോദിക്കുകയും ആരാധകര്‍ പിന്നെയും ആര്‍പ്പുവിളിക്കുന്നതും വീഡിയോയില്‍ കാണാം.

തുടര്‍ന്ന് സഞ്ജു ആരാധകന് തന്നെ ഫോണ്‍ തിരികെ നല്‍കി മടങ്ങുകയും ചെയ്തു. ടെക്‌സ്റ്റ് ചെയ്യുന്നതിന് പകരം കോള്‍ ചെയ്യൂ, കാരണം സഞ്ജു സാംസണ്‍ ആണോ എടുക്കുന്നതെന്ന് നിങ്ങള്‍ക്ക് അറിയില്ല എന്ന അടിക്കുറിപ്പോടെയാണ് രാജസ്ഥാന്‍ റോയല്‍സ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ നിരവധി ആരാധകരാണ് പ്രതികരണങ്ങളുമായി എത്തുന്നത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും. വൈകിട്ട് 7.30ന് സവായ് മാന്‍സിംഗ് സ്‌റ്റേഡിയത്തിലാണ് ആരാധകര്‍ ഏറെ കാത്തിരിക്കുന്ന മത്സരം. എംഎ ചിദംബരം സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യപാദ മത്സരത്തില്‍ ചെന്നൈ രാജസ്ഥാനോട് തോല്‍വി വഴങ്ങിയിരുന്നു. ചെന്നൈ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. എട്ട് പോയിന്റുമായി രാജസ്ഥാന്‍ മൂന്നാം സ്ഥാനത്തുമാണ്. ഇന്ന് വിജയിക്കാനായാല്‍ രാജസ്ഥാന്‍ വീണ്ടും പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തും.

Exit mobile version