അരികൊമ്പൻ ദൗത്യം പ്രതിസന്ധിയിൽ; വെയിൽ ശക്തിയേറിയാൽ മയക്കുവെടി വയ്ക്കുന്നത് ദുഷ്കരമാകും

അരികൊമ്പൻ ദൗത്യം പ്രതിസന്ധിയിൽ. 12 മണിവരെ നിർണായകമാണ്. വെയിൽ ശക്തമായാൽ മയക്കുവെടി വയ്ക്കുക ദുഷ്‌കരമാകും എന്നാണ് അധികൃതർ പറയുന്നത്. അങ്ങനെയെങ്കിൽ ദൗത്യം ഉപേക്ഷിക്കാനുള്ള സാധ്യതയുമുണ്ട്. അരികൊമ്പൻ എവിടെയെന്ന് കൃത്യമായി കണ്ടെത്താൻ കഴിയാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാനകാരണം.

ഇന്ന് രാവിലെ 7 മണിയോടെ മയക്കുവെടി വയ്ക്കാനായിരുന്ന തീരുമാനം. എന്നാൽ മദപ്പാടുള്ള കാട്ടാനകളുടെ കൂടെയാണ് അരിക്കൊമ്പനുണ്ടായിരുന്നത്. അതിനാൽ സംഘത്തിന് വെടിവയ്ക്കാൻ സാധിച്ചില്ല. പടക്കം പൊട്ടിച്ച് ആനകളെ ചിതറിച്ച് അരിക്കൊമ്പനെ ഒറ്റപ്പെടുത്താനുള്ള ശ്രമവും പരാജയപ്പെട്ടു. മയക്കു വെടി വച്ചതിനുശേഷം കുങ്കിയാനകളുടെ സഹായത്തോടെ അരികൊമ്പനേ ലോറിയിൽ കയറ്റാനാണ് വനംവുപ്പിന്റെ നീക്കം. ലോറിയിൽ കയറ്റുന്നതിന് മുൻപ് ജിപിഎസ് കോളർ ഘടിപ്പിക്കും. ആനയുമായി പോകുന്ന വഴിയിൽ തടസങ്ങൾ ഉണ്ടാവാതിരിക്കാൻ പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും കെഎസ്ഇബിയുടെയും സഹായം തേടും.

അരികൊമ്പനെ പിടികൂടിയതിന് ശേഷം എങ്ങോട്ട് മാറ്റും എന്ന് ഇതുവരെ വനംവകുപ്പ് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. സജ്ജീകരണങ്ങൾ എല്ലാം പൂർത്തിയായെന്നാണ് ഡി എഫ് ഒ എൻ രാജേഷ് അറിയിച്ചത്.

ഇടുക്കിയിൽ അരിക്കൊമ്പന്റെ പരാക്രമം തുടങ്ങിയിട്ട് ഏകദേശം രണ്ടുപതിറ്റാണ്ടിലേറെയാകുന്നു. ശാന്തൻപാറ, ആനയിറങ്കൽ, ചിന്നക്കനാൽ തുടങ്ങിയ ഇടങ്ങളിലെ നിരന്തരം ശല്യക്കാരായ കാട്ടാനകളിൽ പ്രധാനി അരിക്കൊമ്പനാണെന്ന് പ്രദേശവാസികൾ പറയുന്നു. പലചരക്കുകടകളും റേഷൻകടകളും തകർത്ത് അരി ഭക്ഷിക്കുന്നതിനാലാണ് അരിക്കൊമ്പന് ഈ പേരു വീണത്.

Summary: Arikomban mission in crisis

Exit mobile version