തിരുവനന്തപുരം: എഐ ക്യാമറ പദ്ധതിക്ക് എതിരെ വിമര്‍ശനങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രണ്ടാം എസ്എന്‍സി ലാവലിനെന്നാണ് പദ്ധതിയെ വി ഡി സതീശൻ വിശേഷിപ്പിച്ചത്. എ ഐ ക്യാമറ അഴിമതിയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
എ ഐ ക്യാമറയുമായി ബന്ധപ്പെട്ട് ഏഴ് ചോദ്യങ്ങള്‍ യുഡിഎഫ് മുന്നോട്ടുവയ്ക്കുകയാണ്. ടെന്‍ഡര്‍ നിബന്ധന ലംഘിച്ച് എന്തിന് കരാര്‍ നല്‍കി, സബ് കോണ്‍ട്രാക്ട് നല്‍കാനുള്ള സാഹചര്യം എന്താണ്, എന്തുകൊണ്ട് മന്ത്രിസഭാ നോട്ടില്‍ നിന്നും കമ്പനി വിവരങ്ങള്‍ മറച്ചുവെച്ചു തുടങ്ങി തങ്ങൾ ഉന്നയിക്കുന്ന ഏഴു ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണമെന്നും അന്വേഷണത്തിന്റെ പരിധിയില്‍ ഈ ചോദ്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.
എല്ലാത്തിന്റെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് ആണ്. മുഖ്യമന്ത്രി മഹാമൗനത്തിന്റെ മാളത്തില്‍ ഒളിച്ചിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. അന്വേഷണം നടത്തുമെന്ന് പറയുമ്പോഴും വ്യവസായ വകുപ്പ് മന്ത്രി കരാറിനെയും കെൽട്രോണിനെയും ന്യായീകരിക്കുകയാണ്. കെല്‍ട്രോണ്‍ മുന്‍ എംഡി ഇപ്പോള്‍ ഊരാളുങ്കലിലെ ജീവനക്കാരിയാണെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.
നിബന്ധനകള്‍ ലംഘിച്ച് നടത്തിയ അഴിമതിയാണ് എഐ ക്യാമറ ഇടപാടെന്നും ഇതിന്റെ പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും സതീശൻ ആരോപിച്ചു. 9 കോടി രൂപ എസ്ആര്‍ഐടി നോക്കുകൂലി നല്‍കി കൊണ്ട് മറ്റ് കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. എസ്ആര്‍ഐടി കമ്പനി ടെക്‌നിക്കലി ക്വാളിഫൈഡ് അല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Summary: AI Camera Deal Second Lovelin Case -V. D. Satheesan