അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാൻ വനംവകുപ്പിന്റെ നിർദ്ദേശം

അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാൻ ദൗത്യസംഘത്തിന് വനം വകുപ്പ് നിർദ്ദേശം നൽകി. അരിക്കൊമ്പനെ പിടിക്കാനുള്ള മോക്ക്ഡ്രിൽ ഇന്ന് ഉച്ച കഴിഞ്ഞ് നടത്തും. കാലാവസ്ഥ അനുകൂലമാണെങ്കിൽ വെള്ളിയാഴ്ച്ച ആനയെ പിടികൂടാനാണ് തീരുമാനം. എങ്ങോട്ടേയ്ക്ക് കൊണ്ട് പോകണം എന്നുള്ളത് പിടികൂടിയ ശേഷം തീരുമാനിക്കാം എന്നതിന് മുഖ്യമന്ത്രി അനുമതി നൽകി. ഇതിനായി എ കെ ശശീന്ദ്രൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ദൗത്യസംഘവുമായി ചർച്ചനടത്തിയാണ് വനംവകുപ്പ് കൃത്യമായ പദ്ധതി തയ്യാറാക്കിയത്. പെരിയാർ വന്യജീവി സങ്കേതവും അഗസ്ത്യാർകൂട വനമേഖലയുമാണ് പരിഗണിക്കുന്ന പ്രധാന ഇടങ്ങൾ. പൊലീസ്, ഫയർഫോഴ്സ്, റവന്യൂ, ആരോഗ്യ, മോട്ടോർ വാഹന വകുപ്പുകളെ ഉൾപ്പെടുത്തിയുള്ള മോക്ഡ്രില്ലാണ് നടക്കുക. ദൗത്യ സംഘത്തിന്റെ തലവനായ വനംവകുപ്പ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയ ഇന്ന് രാവിലെ മൂന്നാറിലെത്തുമെന്നാണ് വിവരം.

മഴ പെയ്യാനുള്ള സാദ്ധ്യതകൾ കൂടി കണക്കിലെടുത്താകും ഓപ്പറേഷൻ. ഓരോരുത്തരും ചെയ്യേണ്ട ജോലികളും, നിൽക്കേണ്ട സ്ഥലവും കൃത്യമായി വിവരിച്ചു നൽകും. ദൗത്യ മേഖലയ്ക്ക് സമീപമാണ് അരികൊമ്പൻ കഴിഞ്ഞ ഒരാഴ്ചയായി തുടരുന്നത്. 301 കോളനിയിലുള്ള സൂര്യൻ, സുരേന്ദ്രൻ, വിക്രം, കുഞ്ചു എന്നീ കുങ്കിയാനകളെ മോക്ഡ്രില്ലിനായി ഇന്ന് പദ്ധതി നടപ്പിലാക്കാൻ നിശ്ചയിച്ച സിമന്റുപാലത്തെത്തിക്കും.

തടസങ്ങളെല്ലാം നീങ്ങിയാൽ വെള്ളിയോ ശനിയോ രാവിലെ നാലിന് ആനയെ മാറ്റുന്ന ദൗത്യം ആരംഭിക്കും. ഹൈക്കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി കഴിഞ്ഞ ദിവസം യോഗം ചേർന്ന് ആനയെ മാറ്റേണ്ട സ്ഥലം സംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട് കൈമാറിയിരുന്നു. എവിടേക്ക് മാറ്റാനാണ് തീരുമാനമെന്ന വിവരം പ്രതിഷേധം ഭയന്ന് പുറത്ത് വിടാൻ അധികൃതർ തയ്യാറായിട്ടില്ല.

Summary: Mission Arikomban; Mock drill today

Exit mobile version