അര്‍ജന്റീനയുടെ പുതിയ ഗോളടിയന്ത്രം

നിലവിലെ സ്പാനിഷ് ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിനെതിരെ ജിറോണ നേടിയത് അത്ഭുത വിജയമാണ്. അവിശ്വസനീയമായ നാല് ഗോളുകള്‍ നേടി ടീമിനെ 4-2ന് വിജയത്തിലേക്ക് നയിച്ച വാലന്റൈന്‍ ”ടാറ്റി” കാസ്റ്റെല്ലാനോസ് ലാ ലിഗ ചരിത്ര പുസ്തകങ്ങളില്‍ തന്റെ പേര് എഴുതി ചേര്‍ത്തു. ന്യൂയോര്‍ക്ക് സിറ്റി എഫ്സിയില്‍ നിന്ന് ലോണിലുള്ള അര്‍ജന്റീന ഫോര്‍വേഡ് മാഡ്രിഡിന്റെ പ്രതിരോധത്തിലെ വിടവുകള്‍ തുറന്നുകാട്ടി. ലോസ് ബ്ലാങ്കോസിനെതിരായ ലാ ലിഗ മത്സരത്തില്‍ 1947 ന് ശേഷം നാല് ഗോളുകള്‍ നേടുന്ന ആദ്യ കളിക്കാരനായി. സാക്ഷാല്‍ ലയണല്‍ മെസ്സിക്ക് പോലും നേടാന്‍ സാധിക്കാത്ത നേട്ടമാണ് താരം നേടിയത്. ജിറോണയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന പോരാട്ടത്തില്‍ 12 ആം മിനുട്ടിലാണ് കാസ്റ്റലനോസ് റയലിന്റെ വലയില്‍ ആദ്യവെടി പൊട്ടിച്ചത്. 24 ആം മിനുട്ടില്‍ താരം വീണ്ടും റയലിന്റെ വല കുലുക്കി. രണ്ടാം പകുതിയിലാണ് താരം സൂപ്പര്‍ ഹാട്രിക്ക് തികച്ചത്. കാസ്റ്റെല്ലാനോസിന്റെ പരിശീലകനായ മിഷേല്‍ താരത്തിന്റെ ഫിനിഷിംഗിനെ മാത്രമല്ല കഠിനാധ്വാനത്തെയും പ്രശംസിച്ചു. ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നിനെതിരെ കാസ്റ്റെല്ലാനോസിന്റെ നാല് ഗോള്‍ നേട്ടം ലാ ലിഗയുടെ ചരിത്രത്തില്‍ എന്നുമുണ്ടാവും. മത്സരത്തിന് ശേഷം സ്ട്രൈക്കര്‍ക്ക് തന്റെ സന്തോഷം മറയ്ക്കാന്‍ കഴിഞ്ഞില്ല. തന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും പിന്തുണച്ചവര്‍ക്കും അചഞ്ചലമായ പിന്തുണ നല്‍കിയതിന് അദ്ദേഹം നന്ദി പറഞ്ഞു.ഈ സീസണില്‍ 29 ലീഗ് മത്സരങ്ങളില്‍ നിന്ന് 11 ഗോളുകള്‍ കാസ്റ്റെലനോസ് നേടിയിട്ടുണ്ട്.

Exit mobile version