സംസ്ഥാനത്ത് പരക്കെ വേനൽമഴ; പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ജില്ലയില്‍ വ്യാഴാഴ്ച വരെ യെല്ലോ അലര്‍ട്ട് നിലനില്‍ക്കും.

അടുത്ത മണിക്കൂറുകള്‍ക്കുള്ളില്‍ കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിൽ മഴ പെയ്യാൻ സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ മിതമായ മഴയ്ക്കാണ് സാധ്യത. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.

കനത്ത ചൂടിന് ആശ്വാസം നല്‍കിക്കൊണ്ട് വിവിധ ജില്ലകളില്‍ ചൊവ്വാഴ്ച വ്യാപകമായി മഴ ലഭിച്ചിരുന്നു. വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴ ലഭിച്ചത്. ഇനിയുള്ള ദിവസങ്ങളില്‍ വേനല്‍ മഴ സജീവമായി ലഭിക്കുമെന്നാണ് പ്രതീക്ഷ.

Summary: Summer rain, Yellow alert in Pathanamthitta and Ernakulam districts

Exit mobile version