തിരുവനന്തപുരം: എന്‍സിഇആര്‍ടി ഒഴിവാക്കിയ വിഷയങ്ങൾ പാഠഭാഗത്തിൽ ഉൾപെടുത്താൻ കേരളം. മുഗള്‍ ചരിത്രം, ഗുജറാത്ത് കലാപം അടക്കമുളള ഭാഗങ്ങള്‍ ഉൾപെടുത്താൻ ആണ് തീരുമാനം. എസ് സി ഇ ആര് ടി ഇതിനായി സപ്ലിമെന്ററിയായി പാഠപുസ്തകം പുറത്തിറക്കും. ഇന്ന് ചേര്‍ന്ന കരിക്കുലം കമ്മിറ്റി യോഗത്തിലാണ് തീരുമാനമെടുത്തത്.
കരിക്കുലം കമ്മിറ്റി യോഗത്തിൽ രൂക്ഷവിമർശനമാണ് കേന്ദ്രനടപടിക്ക് എതിരെ ഉയർന്നത്. ഒൻപത്, പത്ത് ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളിൽ നിന്ന് ‘പരിണാമ സിദ്ധാന്തം’ ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമെന്ന് വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി തിങ്കളാഴ്ച പറഞ്ഞിരുന്നു. പരിണാമ സിദ്ധാന്തത്തെപ്പറ്റി മനസിലാക്കാൻ കഴിയാത്ത കുട്ടികൾക്ക് ഭൂമിയിൽ ജീവനുണ്ടായതിനെപ്പറ്റിയോ ജീവപരിണാമത്തെപ്പറ്റിയോ അറിയാൻ കഴിയാതെ വരുമെന്ന് മന്ത്രി പറഞ്ഞു. വിഷയത്തെ ശാസ്ത്രീയമായി വിശദീകരിക്കുന്നതിനും മനസ്സിലാക്കുന്നതിനും കഴിയാതെ വരുന്നത് കുട്ടികളുടെ ശാസ്ത്ര ചിന്തയെ പിന്നിലാക്കുന്നതിന് കാരണമാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ഇത്തരം വിഷയങ്ങളിൽ കേരളത്തിന് വ്യക്തമായ നിലപാടുണ്ട്. പുരോഗമന ആശയങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ കേരളം എന്നും മുന്നിലായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
6 സിബിഎസ്ഇ അധ്യാപകരുമായും 25 വിദഗ്ധരുമായും കൂടിയാലോചിച്ചതിന് ശേഷമാണ് എൻസിഇആർടി പ്ലസ്ടു സിലബസിൽ പരിഷ്കരണം നടത്തിയതെന്നായിരുന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിശദീകരണം. സിലബസ് പരിഷ്കരണത്തിൽ കേന്ദ്രത്തെ വിമർശിച്ചുകൊണ്ട് നിരവധിപേർ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു കേന്ദ്രം വിശദീകരണം നൽകിയത്. സിലബസിൽ നിന്ന് മുഗൾ രാജവംശത്തിന്റേയും മഹാത്മ ഗാന്ധി, നാഥുറാം ഗോഡ്സെ, 2002 ഗുജറാത്ത് കലാപം, ഹിന്ദു തീവ്രവാദികളെ കുറിച്ചുളള പരാമർശം എന്നിവയാണ് ഒഴിവാക്കിയിരിക്കുന്നത്.
Summary: Kerala to teach subjects omitted by NCERT
Discussion about this post