തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്തു. കൊച്ചിയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ശശി തരൂര്‍ എംപി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. വിമാനത്താവളത്തില്‍ നിന്നുള്ള യാത്രയില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി തമ്പാനൂരില്‍ എത്തിയത്.
ജല മെട്രോ, ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് തുടങ്ങിയ പദ്ധതികള്‍ക്കും പ്രധാനമന്ത്രി തുടക്കം കുറിക്കും. വന്ദേഭാരത് ഫ്‌ലാഗ് ഓഫിനുശേഷം തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കൊപ്പം അല്‍പനേരം ചെലവഴിക്കും.. തുടര്‍ന്ന് പാളയം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തിലാണു വിവിധ പദ്ധതികള്‍ക്കു തറക്കല്ലിടുകയും തുടക്കം കുറിക്കുകയും െചയ്യുന്നത്.
റെയില്‍വേയുമായി ബന്ധപ്പെട്ട് 1900 കോടി രൂപയുടെ വികസന പദ്ധതികളാണു പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിനു സമര്‍പ്പിക്കുകയും ചെയ്യുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി കുമാര്‍ വൈഷ്ണവ്, കേന്ദ്രമന്ത്രി വി.മുരളീധരന്‍, സംസ്ഥാന മന്ത്രിമാരായ വി.അബ്ദുറഹിമാന്‍, ആന്റണി രാജു, ശശി തരൂര്‍ എംപി എന്നിവര്‍ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങിനു ശേഷം കേന്ദ്ര റെയില്‍വേ മന്ത്രി നേമം, കൊച്ചുവേളി റെയില്‍വേ ടെര്‍മിനലുകള്‍ സന്ദര്‍ശിക്കും. ഉദ്ഘാടനത്തിനു ശേഷം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി ഗുജറാത്തിലെ സൂറത്തിലേക്കു പോകും.