കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി കേരള സന്ദർശനത്തിന് എത്തുമ്പോൾ ചാവേർ ആക്രമണം ഉണ്ടാകും എന്ന് സന്ദേശം വ്യാജമാണെന്ന് കൊച്ചി കമ്മീഷണര്‍ കെ സേതുരാമന്‍. അയൽക്കാരനെ കുടുക്കാനുള്ള ഒരാളുടെ തന്ത്രമായിരുന്നു ഭീഷണിക്കത്തിന് പിന്നിൽ. കത്തയച്ച ആളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊച്ചി കലൂർ കതൃക്കടവ് സ്വദേശി സേവ്യറാണ് അറസ്റ്റിലായത്.
വ്യക്തിവൈരാഗ്യം തീർക്കാൻ സേവ്യർ അയല്‍വാസി ജോസഫ് ജോണിന്റെ പേരില്‍ പ്രധാനമന്ത്രിയെ ചാവേര്‍ ആക്രമണത്തിലൂടെ വധിക്കുമെന്ന് കത്തയച്ചു. ജോസെഫിന്റെ പേരും ഫോൺ നമ്പറും അടക്കം കത്തിലുണ്ടായിരുന്നു. ഇയാളെ കുടുക്കുക എന്നതായിരുന്നു ഉദ്ദേശം. കൈയക്ഷരം ഉൾപ്പെടെ ശാസ്ത്രീയമായി പരിശോധന നടത്തിയ ശേഷമാണ് പൊലീസ് സേവ്യറെ കസ്റ്റഡിയിൽ എടുത്തത്.
പള്ളി പ്രാർഥനാ ഗ്രൂപ്പ് യോഗത്തിൽ വരവുചെലവു കണക്കുകൾ സംബന്ധിച്ചു തർക്കമുണ്ടായെന്നും ‘ഇതിനു വിവരമറിയും’ എന്ന് സേവ്യർ തന്നെ ഭീഷണിപ്പെടുത്തിരിക്കുന്നു എന്നും ജോസഫ് പൊലീസിന് മൊഴി നൽകിയിരുന്നു. ഈ മാസം പതിനെട്ടിനാണ് ബിജെപി സംസ്ഥാനകമ്മിറ്റി ഓഫീസിൽ കത്ത് ലഭിച്ചത്.
ഇതിനിടെ പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. റോഡ് ഷോയ്ക്ക് വരുന്ന എല്ലാവരേയും പരിശോധിക്കും. 2060 പൊലീസുകാരെ ഇതിന് വേണ്ടി നിയോഗിച്ചിട്ടുണ്ടെന്നു കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.