പത്തനംതിട്ട: പാർട്ടി വിട്ട കേരള കോൺഗ്രസ് (ജോസഫ്) പത്തനംതിട്ട മുൻ ജില്ലാ പ്രസിഡന്റ് വിക്ടർ ടി തോമസ് ബിജെപിയിൽ ചേർന്നു. പാർട്ടി അംഗത്വം കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കറില്‍ നിന്നും സ്വീകരിച്ചു. തുടർന്ന് പ്രമുഖ നേതാക്കളുമായി ചർച്ച നടത്തി.
കുറച്ചു ദിവസങ്ങൾക്ക് മുൻപെയാണ് വിക്ടർ ടി തോമസ് യുഡിഎഫിലെ സ്ഥാനങ്ങൾ എല്ലാം ഒഴിഞ്ഞ് പാർട്ടിയിൽ നിന്ന് പുറത്തുവന്നത്. യുഡിഎഫ് നേതാക്കള്‍ തന്നെ കാലുവാരി തോല്‍പ്പിച്ചെന്നും പാര്‍ട്ടിയുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി ആണ് താനെന്നും രാജിക്ക് പിന്നാലെ വിക്ടർ പ്രതികരിച്ചിരുന്നു. യുഡിഎഫിൽ തനിക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ല എന്ന പരാതിയും വിക്ടർ ഉന്നയിച്ചു. തിരുവല്ല നിയോജക മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ടെങ്കിലും വിജയിക്കാൻ വിക്ടര്‍ തോമസിന് ആയിരുന്നില്ല.
തുടക്കത്തിൽ വിക്ടര്‍ ടി തോമസ് ജോണി നെല്ലൂരിന്റെ എന്‍പിപിയിലേക്ക് പോകുമെന്ന പ്രചരണം ശക്തമായിരുന്നു. എന്നാല്‍ നേരിട്ട് ബിജെപിയില്‍ ചേരാനായിരുന്നു വിക്ടർ തീരുമാനിച്ചത്.
Summary: Victor T Thomas from Kerala Congress to BJP; Membership accepted