ദിലീപ് നായകനാകുന്ന ബാന്ദ്രയുടെ ടീസർ പുറത്തുവന്നു. രാമലീലക്ക് ശേഷം ദിലീപ് – അരുൺ ഗോപി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ബാന്ദ്ര. ടീസറിൽ മാസ്സ് ഗെറ്റപ്പിൽ ആണ് ദിലീപ് എത്തുന്നത്. 1980, 90 കാലഘട്ടങ്ങളിലെ മുംബൈയിലെ ബാന്ദ്ര കേന്ദ്രീകരിച്ചുള്ള ഗ്യാങ്സ്റ്റർ കഥയായിരിക്കും ചിത്രത്തിലൂടെ പറയുകയെന്ന സൂചനയാണ് ടീസറിലൂടെ ലഭിക്കുന്നത്. അലൻ അലക്സാണ്ടർ ഡൊമനിക് എന്ന കഥാപാത്രത്തെയാണ് ദിലീപ് ബാന്ദ്രയിൽ അവതരിപ്പിക്കുന്നത്. തെന്നിന്ത്യൻ സൂപ്പർതാരം തമന്നയാണ് ചിത്രത്തിലെ നായിക.
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് ഈ മാസ് ആക്ഷൻ ചിത്രം നിർമിക്കുന്നത്. ഉദയകൃഷ്ണയാണ് തിരക്കഥ. പാൻ ഇന്ത്യൻ താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. ശരത് കുമാർ, ദിനോ മോറിയ, ലെന, രാജ്വീർ അങ്കൂർ സിങ്, ധാര സിങ് ഖാറാന, അമിത് തിവാരി, മംമ്ത മോഹൻദാസ്, കലാഭവൻ ഷാജോൺ, ഗണേശ് കുമാർ എന്നിവർ ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തും.
ആക്ഷൻ രംഗങ്ങൾക് പ്രാധാന്യം ഉള്ള ചിത്രത്തിൽ അൻപറിവ്, ഫിനിക്സ് പ്രഭു, മാഫിയ ശശി എന്നീ മൂന്ന് പേർ ചേർന്നാണ് ആക്ഷൻ കൊറിയോഗ്രഫി നിർവഹിച്ചിരിക്കുന്നത്. ഷാജി കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. അഹമ്മദാബാദ്, സിദ്ധാപൂർ, രാജ്കോട്ട്, ഘോണ്ടൽ, ജയ്പൂർ, മുംബൈ, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലായിരുന്നു ബാന്ദ്രയുടെ ചിത്രീകരണം നടന്നത്. ദിലീപിന്റെ കരിയറിലെ 147-ാം സിനിമയാണ് ബാന്ദ്ര.