മലയാളത്തിൻറെ മലർകൊടി; ജാനകിയമ്മ @ 85

മലര്‍കൊടി പോലെ, വര്‍ണത്തുടി പോലെ, മലയാളിയുടെ മടിത്തട്ടിൽ വന്നു മയങ്ങിയ തേൻകിനാവാണ് എസ്. ജാനകി. പിറന്നു വീഴുന്ന കുഞ്ഞിന്റെ കാതിനു പോലും സുചരിതമായ സ്വരമാധുരി.

ഓമനത്തിങ്കൾ കിടാവോ എന്ന താരാട്ട് പാടികേൾക്കാത്ത കുഞ്ഞുങ്ങളുണ്ടാവില്ല കേരളക്കരയിൽ. ആരോരോ ആരിരാരോ പാടിക്കൊടുക്കാത്ത അമ്മമാരുമുണ്ടാവില്ല. ആഴക്കടലിന്റെ അങ്ങേക്കരയിൽ നിന്നും മനുഷ്യഹൃദയത്തിലേക്ക് ആർത്തിരമ്പുന്ന സംഗീത സാഗരമാണ് ജാനകിയമ്മ നമുക്ക്.

അഞ്ചുപതിറ്റാണ്ട് പിന്നിട്ടിട്ടും ഈ സ്വരമാധുരിയിൽ മയങ്ങാത്തവരുണ്ടാവില്ല.തൂവെള്ള വസ്ത്രം ധരിച്ച്, നെറ്റിയിൽ ഭസ്മക്കുറിയണിഞ്ഞ്, ചുണ്ടിൽ പ്രാർത്ഥനയുമായി നിലകൊള്ളുന്ന ദൈവികഭാവമാണ് ജാനകിയമ്മ. 85ന്റെ നിറവിലും നമ്മെ ഭ്രമിപ്പിക്കുന്ന സ്വരമാധുരി. കൈകുടന്ന നിറയെ തിരുമധുരവുമായി ആന്ധ്രയിൽ നിന്നും വസന്ത പഞ്ചമി നാളില്‍ മലയാളിയുടെ മനസിലേക്ക് ചേക്കേറിയ സൂര്യകാന്തി. അവരുടെ കിനാക്കൾ തളിരിട്ടപ്പോൾ നമ്മുടെ ഹൃദയങ്ങൾ താമരക്കുമ്പിളായി. അവിടുത്തെ ഗാനം കേൾക്കാൻ വിരുന്നൊരുക്കി കാത്തിരുന്നവരേറെയാണ്. ആ സ്വരമാധുരയിലലിഞ്ഞ് മൈനാകംപോലും കടലിൽ നിന്നുയർന്നു വന്നു. എത്രയെത്ര രാത്രികളിൽ നാഥാ നിൻ കാലൊച്ച കേൾക്കാനായി മണിയറകൾ കാതോർത്തിരുന്നു. ഇഞ്ചി ഇടുപ്പഴകിമാർ നാണപ്പുതപ്പിലൊളിച്ചു.

മാതൃഭാഷയല്ലാഞ്ഞിട്ടും മലയാളത്തിൽ ജാനകി പാടുമ്പോൾ നാവിൽ തേനും വയമ്പുമൊഴുകി. സജീവ സംഗീതത്തോട് വിടപറഞ്ഞ് ചെന്നൈയിൽ വിശ്രമജീവിതം നയിക്കുകയാണ് ജാനകിയമ്മ ഇപ്പോൾ, ഇന്ത്യന്‍ പിന്നണിഗാന രംഗത്തെ ഇതിഹാസങ്ങളില്‍ ഒരാളാണെന്ന ജാഡയില്ലാതെ.

അഞ്ചു പതിറ്റാണ്ടുകളിലേറെ നീണ്ടുനിന്ന സംഭവബഹുലമായ സംഗീതജീവിതത്തില്‍ ഇന്ത്യന്‍ ഭാഷകളിലും വിദേശഭാഷകളിലുമൊക്കെയായി ഇരുപതിനായിരത്തിലധികം ഗാനങ്ങൾ ജാനകിയമ്മ പാടി.നാല് ദേശീയ പുരസ്കാരങ്ങളും കേരളത്തിന്‍റെ 11 എണ്ണം അടക്കം മുപ്പതിനു മകളില്‍ സംസ്ഥാന പുരസ്ക്കാര നേട്ടങ്ങളും ജാനകിയമ്മയ്ക്ക് സ്വന്തമാണ്.

സിസ്തല ജാനകി എന്നാണ് എസ്. ജാനകിയുടെ യഥാർത്ഥ പേര്. ആന്ധ്രയിലെ ഗുണ്ടൂര്‍ ജില്ലയില്‍ സിസ്തല ശ്രീരാമമൂര്‍ത്തിയുടെയും സത്യവതിയുടെയും മകൾ സിസ്തല ജാനകി. 1938 ഏപ്രില്‍ 23ന് ജനനം. സിലോണ്‍ റേഡിയോയില്‍ നിന്നും കേള്‍ക്കുന്ന ലതാ മങ്കേഷ്കറുടെ ഗാനങ്ങളില്‍ മനപ്പാഠമാക്കി പാടി നടന്ന പെൺകുട്ടി.
കുഞ്ഞുനാള്‍ മുതലേ സംഗീതവാസന പ്രകടിപ്പിച്ചിരുന്ന ജാനകിയെ സംഗീതം പഠിപ്പിക്കണം എന്ന് നിര്‍ദേശിച്ചത് അമ്മാവന്‍ ചന്ദ്രശേഖര്‍ ആയിരുന്നു. പിന്നീട് ജാനകിയുടെ ജീവിതത്തിൽ നിർണായക തീരുമാനങ്ങള്‍ എടുത്തതും ഇതേ അമ്മാവന്‍ ആയിരുന്നു. മൂന്നുവയസ് മുതൽ പാട്ടുപഠിക്കുന്ന ജാനകിയെ കുറിച്ച് 1956ല്‍ അമ്മാവൻ എവിഎം സ്റ്റുഡിയോയിലേക്ക് കത്തെഴുതി. അവര്‍ ജാനകിക്കുട്ടിയെ വിളിപ്പിച്ചു. പാട്ട് കേട്ടു. ഉടനെ തന്നെ സ്റ്റുഡിയോയിൽ സ്റ്റാഫ് ആര്‍ടിസ്റ്റ് ആയി നിയമിച്ചു.

സിനിമയിലേക്കുള്ള ജാനകിയുടെ എൻട്രി മാസായിരുന്നു. സമാനതകളില്ലാത്തതും. ഓള്‍ ഇന്ത്യ റേഡിയോ സംഘടിപ്പിച്ച ലളിതഗാനമത്സരത്തില്‍ ജാനകിക്കായിരുന്നു രണ്ടാം സ്ഥാനം. സമ്മാനം നൽകിയത് അന്നത്തെ രാഷ്ട്രപതിയും. അങ്ങനെ താരപ്പകിട്ടോടെ ജാനകി സിനിമയിലേക്ക് വലതുകാൽ വച്ച് കയറി. പക്ഷേ, തുടക്കം അത്ര ശരിയായില്ല. 1957ല്‍ വിധിയിന്‍ വിളയാട്ട്‌ എന്ന ചിത്രത്തിലെ ഗാനം പാടിയെങ്കിലും ചിത്രം പുറത്തുവന്നില്ല.

എം.എല്‍.എ എന്ന തെലുങ്ക് ചിത്രത്തിനുവേണ്ടി ഘണ്ടശാല വെങ്കിടേശ്വരറാവുവിനൊത്ത് പാടിയ പാട്ടായിരുന്നു, ജാനകിയുടെ സ്വരമാധുരിയില്‍ പുറത്തുവന്ന ആദ്യഗാനം. അതേ വർഷം തന്നെ ജാനകി മലയാളത്തിലേക്കും കടന്നുവന്നു. ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന ചിത്രത്തിലെ ‘ഇരുൾ മൂടുകയോ എൻ വാഴ്‌വിൽ..’ എന്ന ഗാനമായിരുന്നു ആദ്യം. പിന്നീടങ്ങോട്ടുള്ള മൂന്നു പതിറ്റാണ്ട് ജാനകിയുടേതാണ് മാത്രമായിരുന്നു.

സംഗീത സംവിധായകന്‍ എം എസ് ബാബുരാജ് ജാനകി കൂട്ടുകെട്ട് മലയാള സിനിമയുടെ സുവർണ കാലഘട്ടമായിരുന്നു. താമസമെന്തേ വരുവാനെന്ന് ചോദിച്ച് ജാനകിയെ മലയാളത്തിലേക്ക് കൂട്ടിക്കൊണ്ടുവന്ന ബാബുരാജ്. അന്ന് ജാനകിയുടെ നുണക്കുഴി അത്ര തെളിഞ്ഞിട്ടില്ല. പ്രാണസഖീ ഞാൻ വെറുമൊരു പാവം പാട്ടുകാരിയെന്ന മട്ടിലാണ് നടപ്പ്. ജാനകിയെന്ന പുഷ്പം പുങ്കുലയിൽ വച്ചു ബാബുക്കാ നീട്ടിയപ്പോൾ മലയാള സിനിമ അതങ്ങ് ഏറ്റുവാങ്ങി. കദളിവാഴക്കൈയ്യിലിരുന്ന് , സുറുമയെഴുതിയ മിഴികൾ നീട്ടി, അകലെ അകലെ നീലാകാശം നോക്കി അവൾ പാടി.. അനുരാഗ ഗാനം പോലെ….

ഹിന്ദുസ്ഥാനി സംഗീതത്തിന്‍റെ സ്വാധീനത്തില്‍ ബാബുരാജ് ഒരുക്കിയ മനോഹരഗാനങ്ങള്‍ ജാനകിയുടെ ശബ്ദത്തില്‍ തലമുറകളെ സമ്പന്നമാക്കി. ശ്യാം, വി ദക്ഷിണാമൂര്‍ത്തി, എം കെ അര്‍ജുനന്‍, കെ രാഘവന്‍, എ ടി ഉമ്മര്‍, എം ബി ശ്രീനിവാസന്‍, രവീന്ദ്രന്‍, ജോണ്‍സണ്‍ തുടങ്ങിയ മുന്‍നിര സംഗീത സംവിധായകര്‍ എല്ലാം ജാനകിയ്ക്ക് അവസരങ്ങളൊരുക്കി. ഇളയരാജ – എസ് ജാനകി – എസ് പി ബാലസുബ്രമണ്യം കൂട്ടുകെട്ട് വലിയ തരംഗം ആണ് തമിഴ് സിനിമാലോകത്ത് തീര്‍ത്തത്.

അതുല്യമായ ശബ്ദം, മികവുറ്റ ഭാവം, എല്ലാ തരം ഗാനങ്ങളും അനായാസം പാടാനുള്ള കഴിവ്, ഏത് ഭാഷയും എളുപ്പത്തില്‍ വരുതിയില്‍ ആക്കാനുള്ള സിദ്ധി , ജാനകിയമ്മയെ വർണ്ണിക്കാൻ വാക്കുകൾ പോരാതെവരും. പതിനായിരക്കണക്കിന് ഗാനങ്ങൾ സമ്മാനിച്ച ജാനകിയമ്മ കടുത്ത ആസ്തമാരോഗിയാണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ തെല്ലു പ്രയാസമുണ്ടാകും ചിലർക്ക്. സ്റ്റുഡിയോയിൽ പാടുന്നതിനിടെ ആസ്മ മൂര്‍ച്ചിച്ച അവസരങ്ങളുണ്ടായിട്ടുണ്ട്. പലപ്പോഴും ഡോകടറെ കൂടെ നിര്‍ത്തിയാണ് ജാനകിയമ്മ പാട്ടുകൾ റെക്കോര്‍ഡ്‌ ചെയ്തിരുന്നത്. ഇതിൽ പല പാട്ടുകളും സൂപ്പര്‍ ഹിറ്റുകളുമായിരുന്നു.

ഓപ്പോള്‍ എന്ന ചിത്രത്തിലെ ‘ഏറ്റുമാനൂരമ്പലത്തിൽ എഴുന്നള്ളത്ത്’ എന്ന പാട്ടുപാടി 1980ല്‍ ആദ്യമായി മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് മലയാളമണ്ണില്‍ ജാനകിയെത്തിച്ചു. ഇതടക്കം 4 തവണ ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. 11 തവണ ആണ് മികച്ച പിന്നണി ഗായികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നല്‍കി കേരളം ജാനകിയെ ആദരിച്ചത്. മറ്റ് ഭാഷകളിലായി മുപ്പതില്‍ അധികം തവണ സംസ്ഥാന സര്‍ക്കാര്‍ പുരസ്ക്കാരങ്ങള്‍ ജാനകിയ്ക്ക് ലഭിച്ചിട്ടുണ്ട്.

നാമം ജപിക്കുന്ന സന്യാസിനിയെന്നാണ് ജാനകിയമ്മയെ വിശേഷിക്കുന്നതെങ്കിലും വളരെ ബോൾഡായ നിലപാടുള്ളയാളാണവർ. അതുകൊണ്ടു കൂടിയാണ് 2013ല്‍ രാജ്യം പത്മഭൂഷന്‍ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോൾ,
ഇത്രയും വൈകിയെത്തിയ പുരസ്കാരം തനിക്ക് വേണ്ടന്നവർ തുറന്നടിച്ചത്. പത്മ പുരസ്ക്കാരം ജാനകി നിഷേധിച്ചത് അക്കാലത്ത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.

1997-ൽ ഭർത്താവ് രാംപ്രസാദ് അന്തരിച്ചപ്പോഴും ജാനകി ഇതുപോലൊരു തീരുമാനമെടുത്തിരുന്നു. നിറമുള്ള സാരിയോ സ്വർണ്ണ ബോർഡറുകളുള്ള വസ്ത്രങ്ങളോ ധരിക്കില്ലെന്ന്. ഇന്നും ആ തീരുമാനത്തിൽ നിന്നവർ കടുകിട വ്യതിചലിച്ചിട്ടില്ല. ഇതുപോലെ തന്നെ ജാനകിയമ്മയുടെ മറ്റൊരു തീരുമാനവും സമൂഹത്തിന് ആഘാതമായി. 2016ലാണത്. ജാനകിയമ്മയ്ക്ക് 78 വയസ്. മൈസൂർ മാനസ ഗംഗോത്രിയിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ആയിരങ്ങളെ സാക്ഷിയാക്കി ജാനകിയമ്മ പ്രഖ്യാപിച്ചു. റെക്കോര്‍ഡിംഗ് സ്റ്റുഡിയോയിലേക്കും സംഗീത വേദികളിലേക്കും ഉള്ള യാത്ര താന്‍ അവസാനിപ്പിക്കുന്നു എന്ന്. സിനിമയിലും പൊതുവേദിയിലും പാടുന്നത് ജാനകിയമ്മ അവസാനിപ്പിച്ചുവെന്നറിഞ്ഞപ്പോൾ വിലപ്പെട്ടതെന്തോ നഷ്ടമായത് പോലെയാണ് നമുക്ക് തോന്നിയത്. എന്നാൽ സിനിമാരംഗത്തുള്ളവരുടെ നിരന്തര അഭ്യർത്ഥനകൾക്ക് ശേഷം, ജാനകി തന്റെ വിരമിക്കൽ തീരുമാനം മാറ്റി.

2018ൽ പുറത്തിറങ്ങിയ ‘പന്നാടി’ എന്ന ചിത്രത്തിലെ ‘ഉൻ ഉസുറു കാത്തുല’ എന്ന ഗാനം ആലപിച്ചു. പക്ഷേ, അഞ്ചു പതിറ്റാണ്ട് നമുക്ക് കുളിരേകിയ ശാരീരത്തിനും ശരീരത്തിനും വിശ്രമം ആവശ്യമാണെന്ന് മനസിലാക്കി ജാനകിയമ്മയ്ക്ക് നമ്മൾ ഇടവേള നൽകി. പക്ഷേ, ജാനകിയമ്മ വിരമിച്ചെങ്കിലും അവർ ജീവൻ കൊടുത്ത പാട്ടുകൾ ഇന്നും നമ്മുടെ ജീവിതത്തിൽ അമൃത് പൊഴിക്കുകയാണ്.

Exit mobile version