തിരുവനന്തപുരം: നവജാത ശിശുവിനെ വിറ്റത് മുൻധാരണ പ്രകാരമാണെന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്തുവന്നു. ഏഴാം മാസത്തിലാണ് കുഞ്ഞിന്‍റെ അമ്മ തൈക്കാട് ആശുപത്രിയിൽ ചികിസ്ത തേടിയത്. ആ സമയത്തു തന്നെ ആശുപത്രിയിൽ നൽകിയത് കുഞ്ഞിനെ വാങ്ങിയ സ്ത്രീയുടെ മേൽവിലാസമാണ്. അതിനാൽ തന്നെ വില്പന തീരുമാനിച്ചതിന് ശേഷമാണ് ചികിത്സാ തൈക്കാട് ആശുപത്രിയിലേക്ക് മാറ്റിയത് എന്നാണ് അനുമാനം.
സംഭവത്തിൽ യഥാർത്ഥ മാതാപിതാക്കളെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയാണ്. പൊഴിയൂർ സ്വദേശികളാണ് കുഞ്ഞിന്റെ മാതാപിതാക്കൾ എന്നതാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഏപ്രിൽ പത്തിനാണ് തൈക്കാട് ആശുപത്രിയിൽ 4 ദിവസം പ്രായമായ കുഞ്ഞിനെ മൂന്ന് ലക്ഷം രൂപയ്ക്ക് മാതാപിതാക്കൾ വിറ്റത്. കുഞ്ഞിനെ വാങ്ങിയ സ്ത്രീ നൽകിയ മൊഴി പൊലീസ് പരിശോധിച്ചുവരികയാണ്.
ഇവർ നൽകിയ മൊഴി അനുസരിച്ച് ജോലിക്കിടെ പരിചയപ്പെട്ട യുവതിക്കാണ് കുഞ്ഞിനെ വിറ്റിരിക്കുന്നത്. ആശുപത്രിയിൽ നിന്നടക്കം കൂടുതൽ വിവരങ്ങൾ ശേഖരിച്ച് അന്വേഷണം നടത്താനാണ് പൊലീസിന്റെ നീക്കം.