ഏപ്രിൽ 24, 25 തീയതികളിൽ കേരള സന്ദർശനം നടത്തുന്ന പ്രധാനമന്ത്രിക്ക് നേരെ ചാവേർ ആക്രമണം നടത്തുമെന്ന് ഭീഷണിക്കത്ത്. ഒരാഴ്ച മുൻപ് ബിജെപി സംസ്ഥാനകമ്മിറ്റി ഓഫീസിലാണ് കത്ത് ലഭിച്ചത്.
കൊച്ചി സ്വദേശിയുടെ പേരിലാണ് കത്ത് അയച്ചിരിക്കുന്നത്. എന്നാൽ ഇയാൾക്ക് കത്തുമായി ബന്ധമൊന്നും ഇല്ലെന്നാണ് പോലീസിന്റെ നിഗമനം. ഇയാളുടെ ഫോൺ നമ്പർ ഉൾപ്പെടെ കത്തിലുണ്ട്. ഈ വ്യക്തിയെ മനഃപൂർവം കുടുക്കാൻ ശ്രമിച്ചതിന്റെ ഭാഗമാണോ ഇതെന്നും പോലീസ് അന്വേഷിക്കുണ്ട്.
കത്ത് എഡിജിപി ഇൻ്റലജൻസിന് കൈമാറിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അതീവ ഗൗരവത്തോടെ പോലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന സുരക്ഷാഭീഷണികള്‍ ചൂണ്ടിക്കാട്ടുന്ന ഐബി റിപ്പോര്‍ട്ടിലും കത്തിനെക്കുറിച്ച് പരാമര്‍ശമുണ്ട്. പിഎഫ്‌ഐ നിരോധനം സംബന്ധിച്ചും പ്രധാനമന്ത്രി സുരക്ഷാഭീഷണി നേരിട്ടേക്കാമെന്ന് ഐബി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പുറമെ സമീപകാലത്തായി സംസ്ഥാനത്ത് കണ്ടുവന്ന മാവോയിസ്റ്റ് സാന്നിധ്യവും ഐബി ഗൗരവകരമായി കാണുന്നുണ്ട്.