കേരളത്തിൽ തിങ്കളാഴ്ച വരെ പരക്കെ വേനൽമഴക്ക് സാധ്യത

കേരളത്തിൽ പരക്കെ വേനൽമഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലിനും, മണിക്കൂറില്‍ 40 കിലോമീറ്റര്‍വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്.

സംസഥാനത്ത് പലയിടത്തും കഴിഞ്ഞ 24 മണിക്കൂറില്‍ വേനല്‍മഴ ലഭിച്ചു. മഴ കിട്ടുന്നതോടെ പകൽ താപനിലയിൽ നേരിയ കുറവ് അനുഭവപ്പെടുന്നുണ്ട്. പാലക്കാട് താപനില 40 ഡിഗ്രിയിൽ നിന്നും 38 ആയി കുറഞ്ഞു. കൊല്ലം, തൃശൂര്‍ കോഴിക്കോട് ജില്ലകളില്‍ 37 ഡിഗ്രിയാണ് ചൂട്. 33 ഡിഗ്രി സെൽഷ്യസുമായി നെടുമ്പാശ്ശേരി ആണ് ഏറ്റവും കുറവ് താപനില രേഖപ്പെടുത്തിയിട്ടുള്ളത്. തിങ്കളാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ അറിയിപ്പ്.

മാർച്ച് ഒന്ന് മുതലുള്ള കണക്കനുസരിച്ച് നിലവിൽ വേനൽമഴയിൽ 40 ശതമാനത്തിന്റെ കുറവാണ് ഉള്ളത്. അടുത്ത മാസത്തോടെ കൂടുതൽ മഴ കിട്ടിത്തുടങ്ങും എന്നാണ് പ്രതീക്ഷ.

നാളെ രാത്രിവരെ ഉയര്‍ന്ന തിരമാലക്കുള്ള ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചുണ്ട്. ഒരു മീറ്റര്‍ വരെ ഉയരമുള്ള തിരകള്‍ ഉണ്ടാകുമെന്ന് ദേശീയ സമുദ്രഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യതൊഴിലാളികളും തീരപ്രദേശത്ത് താമസിക്കുന്നവരും ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

Exit mobile version