അയോഗ്യനാക്കിയ സൂറത്ത് കോടതി കോടതി വിധിക്ക് പിന്നാലെ ഔദ്യോഗിക വസതി ഒഴിയാൻ രാഹുൽ ഗാന്ധി. വസതിയിലെ സാധനങ്ങൾ മാറ്റിത്തുടങ്ങി. ലോക്‌സഭാംഗത്വത്തിൽനിന്ന് അയോഗ്യനായതിനു പിന്നാലെ തുഗ്ലക് ലൈനിലെ ഔദ്യോഗിക വസതിയൊഴിയാൻ രാഹുൽ ഗാന്ധിക്കു ലോക്‌സഭ ഹൗസിങ് കമ്മിറ്റിയുടെ നിർദ്ദേശം ലഭിച്ചിരുന്നു.
രണ്ടു ട്രക്കുകളിലായി വീട്ടു സാധനങ്ങൾ മാതാവ് സോണിയ ഗാന്ധിയുടെ 10 ജനപഥിലുള്ള വീട്ടിലേക്ക് മാറ്റി. ഉടൻ തന്നെ രാഹുലും വസതി വിട്ടുപോകുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. എം.പിയെന്ന നിലയിൽ രാഹുൽ താമസിക്കുന്ന 12 തുഗ്ലക് ലെയ്‌നിലെ വസതി ഒരു മാസത്തിനകം ഒഴിയണമെന്നാണ് ലോക്‌സഭാ സെക്രട്ടേറിയറ്റ് നിർദ്ദേശിച്ചത്. ഏപ്രിൽ 22 വരെ മാത്രമേ ഇവിടെ താമസിക്കാൻ അനുവദിക്കൂവെന്ന് രാഹുലിനയച്ച നോട്ടിസിൽ സെക്രട്ടേറിയറ്റ് വ്യക്തമാക്കിയിരുന്നു. എന്നാൽ അതിനു മുൻപ് തന്നെ രാഹുൽ വസതി ഒഴിയാൻ തീരുമാനിക്കുകയായിരുന്നു. അമ്മ സോണിയ ഗാന്ധിക്കൊപ്പം താമസിച്ചിരുന്ന രാഹുൽ 2004ലാണ് ഇവിടേക്കു താമസം മാറിയത്.
2004ൽ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് മുതൽ തുഗ്ലക് ലൈനിലെ ഈ വസതിയിലാണ് രാഹുൽ കഴിഞ്ഞിരുന്നത്. 2019ൽ കർണാടകയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ മോദി പരാമർശത്തിൽ സൂറത്ത് കോടതി രാഹുലിനെ രണ്ടു വർഷം തടവിന് ശിക്ഷിച്ചിരുന്നു.
ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ നൽകിയ അപ്പീലിൽ സൂറത്ത് സെഷൻസ് കോടതി ഈമാസം 20ന് വിധി പറയാനിരിക്കെയാണ് രാഹുൽ വീടൊഴിയുന്നത്. ഔദ്യോഗിക വസതി ഒഴിയാനാവശ്യപ്പെട്ട് മാർച്ച് 27നാണ് രാഹുലിന് കത്ത് നൽകിയത്. നേരത്തെ, എസ്‌പി.സി സുരക്ഷ ഒഴിവാക്കിയതിനു പിന്നാലെ പ്രിയങ്ക ഗാന്ധിയോടും ലോധി എസ്റ്റേറ്റിലെ വസതി ഒഴിയാൻ നിർദ്ദേശം നൽകിയിരുന്നു.