മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് സെമിയിൽ

അലയന്‍സ് അരീനയില്‍ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ബയേണ്‍ മ്യൂണിക്ക് ചാമ്പ്യന്‍സ് ലീഗ് സെമി കാണാതെ പുറത്തായി. വമ്പന്‍ വിജയം മാത്രം ലക്ഷ്യവുമായെത്തിയ ബയേണിനെ മാഞ്ചസ്റ്റര്‍ സിറ്റി സമനിലയില്‍ കുരുക്കി. ഇരുവരും ഓരോ ഗോള്‍ വീതം നേടിയപ്പോള്‍ ആദ്യ പാദത്തിലെ വിജയത്തിന്റെ മികവില്‍ പെപ്പിന്റെ സിറ്റി സെമിയിലേക്ക് മാര്‍ച്ച് ചെയ്തു. ആദ്യ പാദത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകളുടെ വിജയം സിറ്റി സ്വന്തമാക്കിയിരുന്നു. രണ്ടാം പാദത്തില്‍ ബയേണ്‍ തുടക്കം മുതല്‍ കളി നിയന്ത്രിച്ചു. പക്ഷെ സിറ്റി ഡിഫന്‍സ് ഭേദിക്കാന്‍ ബയേണിന് കഴിഞ്ഞില്ല. മറുവശത്ത് 38ആം മിനുട്ടില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ലഭിച്ച പെനാള്‍ട്ടി എടുത്ത ഹാളണ്ടിന് പിഴച്ചു. രണ്ടാം പകുതിയില്‍ 57ആം മിനുട്ടില്‍ ഹാളണ്ട് പെനാള്‍ട്ടി നഷ്ടപ്പെടുത്തിയതിന് പരിഹാരം ചെയ്തു. 82-ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെ കിമ്മിച്ച് തിരിച്ചടിച്ചെങ്കിലും സിറ്റിക്കെതിരെ അതൊന്നും പര്യാപ്തമായിരുന്നില്ല. സെമി ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിനെ ആകും മാഞ്ചസ്റ്റര്‍ സിറ്റി നേരിടുക.

Exit mobile version