അതിലും മെസി തന്നെ ഒന്നാമന്‍

ലയണല്‍ മെസിയുടെ കാലം കഴിഞ്ഞെന്ന് പറഞ്ഞവര്‍ക്കെല്ലാം ഇനി മാറ്റി പറയാം. 36 വയസുള്ള ലയണല്‍ മെസി ഗോള്‍ നേടുന്നതില്‍ മത്സരിക്കുന്നത് യുവതാരങ്ങളായ ഹാളണ്ടിനോടും എംബാപ്പെയേടുമൊക്കെയാണ് എന്നുള്ളത് തന്നെയാണ് അതിനുള്ള തെളിവ്. ഗോളടിക്കുന്നതിലും ഗോളടിപ്പിക്കുന്നതിലും മെസി തന്റെ സ്വതസിദ്ധമായ ശൈലിയില്‍ മുന്നേറുകയാണ്. ഈ സീസണില്‍ വളരെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് ലയണല്‍ മെസ്സി പുറത്തെടുക്കുന്നത്. യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളില്‍ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ കോണ്‍ട്രിബ്യൂഷന്‍ നടത്തിയ താരം ലയണല്‍ മെസ്സിയാണ്. നിലവില്‍ ഫ്രഞ്ച് ലീഗില്‍ പിഎസ്ജിക്കായ അത്ഭുത പ്രകടനം പുറത്തെടുക്കാനും മെസ്സിക്ക് സാധിക്കുന്നുണ്ട്. 15 ഗോളുകളും 14 അസിസ്റ്റുകളുമാണ് ഈ സീസണില്‍ മെസ്സി പിഎസ്ജിക്ക് വേണ്ടി കരസ്ഥമാക്കിയിട്ടുള്ളത്. ഇതിനെല്ലാം പുറമേ മെസി ആരാധകര്‍ക്ക് മറ്റൊരു സന്തോഷ വാര്‍ത്തകൂടി ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. തന്റെ എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം നടത്തുന്നതിനാല്‍ റേറ്റിങ്ങിന്റെ കാര്യത്തില്‍ എപ്പോഴും മെസ്സി മുന്നിട്ട് നില്‍ക്കാറുണ്ട്. പ്രമുഖ ഡാറ്റ അനലിസ്റ്റുകളായ സോഫ സ്‌കോര്‍ ഈ സീസണിലെ ടോപ്പ് ഫൈവ് ലീഗുകളില്‍ ഏറ്റവും കൂടുതല്‍ റേറ്റിംഗ് നേടിയ 10 താരങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു കഴിഞ്ഞു. അതില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത് മറ്റാരുമല്ല,ലയണല്‍ മെസ്സി തന്നെയാണ്. ഈ സീസണില്‍ ഇതുവരെയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മെസ്സിക്ക് ലഭിച്ചിരിക്കുന്ന റേറ്റിംഗ് 8.22 ആണ്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ മധ്യനിര താരമായ കെവിന്‍ ഡി ബ്രൂയിനയാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയിട്ടുള്ളത്. 7.79 ആണ് നിലവില്‍ ഡിബ്രുയിനിന്റെ റേറ്റിംഗ്.7.69 റേറ്റിംഗ് ഉള്ള നെയ്മര്‍ ജൂനിയര്‍ മൂന്നാം സ്ഥാനം സ്വന്തമാക്കിയിട്ടുണ്ട്. ജോഷുവാ കിമ്മിച്ച് 7.69 റേറ്റിംഗ് നേടിക്കൊണ്ട് നാലാം സ്ഥാനവും കീറന്‍ ട്രിപ്പിയര്‍ 7.66 റേറ്റിംഗ് നേടിക്കൊണ്ട് അഞ്ചാം സ്ഥാനവും കൈക്കലാക്കിയിട്ടുണ്ട്. അന്റോയിന്‍ ഗ്രീസ്മാന്‍,ബ്രാങ്കോ വാന്‍ ഡന്‍ ബൂമന്‍,റെമി കബല്ല,പൗലോ ഡിബാല,ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവരാണ് യഥാക്രമം ആറ് മുതല്‍ 10 വരെയുള്ള സ്ഥാനങ്ങളില്‍ ഇടം നേടിയിട്ടുള്ളത്. സോഫ സ്‌കോറിന്റെ ആദ്യ 10 സ്ഥാനങ്ങളില്‍ ഇടം നേടിയത് ഈ താരങ്ങളാണ്. ഈ സീസണില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന മറ്റൊരു താരം മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഏര്‍ലിംഗ് ഹാലന്റാണ്. യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരവും ഇദ്ദേഹം തന്നെ. എന്തുകൊണ്ട് ഈ റേറ്റിംഗിന്റെ പട്ടികയില്‍ അദ്ദേഹം വരുന്നില്ല എന്നുള്ളത് ചില ആരാധകര്‍ ഉന്നയിക്കുന്ന ചോദ്യമാണ്.അതൊരു സൂപ്പര്‍താരമായ കിലിയന്‍ എംബപ്പേക്കും ഈ പട്ടികയില്‍ ഇടം നേടിയിട്ടില്ല.

 

Exit mobile version