തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പിന്റെ എഐ ക്യാമറകൾ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് ഒരു മാസത്തേക്ക് പിഴയീടാക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. മെയ് 19 വരെ ബോധവത്കരണം മാത്രമാകും നടപടി. ക്യാമറ സ്ഥാപിക്കുന്നതിന് മുമ്പ് ബോധവല്‍ക്കരണം നടത്തിയില്ല എന്ന പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. എഐ ക്യാമറകളുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ക്യാമറകൾ കണ്ടെത്തുന്ന കുറ്റങ്ങൾക്ക് എന്താണ് ശിക്ഷ എന്ന് വാഹന ഉടമകളെ ഈ കാലയളവിൽ നോട്ടിസിലൂടെ അറിയിക്കും. മെയ് 20 മുതൽ പിഴ ഈടാക്കാൻ ആരംഭിക്കും.
ബോധവൽക്കരണത്തിന് ആവശ്യമായ സമയം നൽകണമെന്ന അഭ്യർഥന മാനിച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ചാണ് ഒരു മാസത്തേക്ക് പിഴ ഒഴിവാക്കുന്നതെന്നു മന്ത്രി പറഞ്ഞു.അഴിമതി ഇല്ലാതെ നിയമലംഘനം കണ്ടുപിടിക്കാനാണ് ക്യാമറകൾ സ്ഥാപിച്ചത്. ഒരു വർഷം 40,000 അപകടങ്ങളാണ് കേരളത്തിൽ നടക്കുന്നത്. നാലായിരത്തിലധികം പേർ അപകടങ്ങളിൽ മരിക്കുന്നു. ഇത് കുറയ്ക്കുകയാണ് എഐ ക്യാമറകൾ സ്ഥാപിച്ചതിലൂടെ ലക്ഷ്യമിടുന്നത്.
എഐ ക്യാമറ വരുന്നതോടെ വാഹനങ്ങൾ തടഞ്ഞു നിർത്തി പരിശോധിക്കുന്നത് ഒഴിവാക്കും. ഉദ്യോഗസ്ഥർക്ക് ഇഷ്ടമുള്ള തുക ഈടാക്കുന്ന രീതിയും ഒഴിവാക്കാൻ സാധിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
236 കോടി രൂപ ചെലവാക്കിയാണ് 726 ക്യാമറകൾ കേരളത്തിലെ പ്രധാന പാതകളിലും ടൗണുകളിലും സ്ഥാപിച്ചത്. 33 ലക്ഷം രൂപയോളമാണ് ഒരു ക്യാമറയുടെ വില. കെൽട്രോണിനായിരുന്നു പൂർണ ചുമതല. 4 വർഷം മുൻപ് തീരുമാനിച്ച് കരാർ കൊടുത്ത പദ്ധതി കമ്മിഷൻ ചെയ്തിട്ട് 8 മാസമായെങ്കിലും ഇന്നാണ് ഉദ്ഘാടനം ചെയ്തത്.
Summary: AI Camera: No penalty for one month, awareness till May 19.
Discussion about this post