അതീഖ് വധക്കേസിലെ മുഖ്യപ്രതിക്ക് സഹായം നല്‍കിയ മൂന്നുപേര്‍ പോലീസ് കസ്റ്റഡിയില്‍. അതീഖ് അഹമ്മദിനെയും സഹോദരന്‍ അഷ്‌റഫ് അഹമ്മദിനെയും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ലവ്‌ലേഷ് തിവാരിക്ക് റിപ്പോര്‍ട്ടിങ് പരിശീലനം നല്‍കിയ മൂന്നുപേരെയാണ് ഉത്തര്‍പ്രദേശിലെ ബാംദയില്‍നിന്ന് പോലീസ് പിടികൂടിയത്.
കസ്റ്റഡിയിലുള്ള മൂന്നുപേരും ഒരു പ്രാദേശിക വാര്‍ത്താ വെബ്‌സൈറ്റിന് വേണ്ടി ജോലിചെയ്യുന്നവരാണെന്ന് പോലീസ് പറഞ്ഞു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത് അടക്കമുള്ള കാര്യങ്ങളിലാണ് മൂവരും പ്രതിക്ക് പരിശീലനം നല്‍കിയത്. ക്യാമറ വാങ്ങാനും ഇവര്‍ തിവാരിയെ സഹായിച്ചു. മൂവരെയും ബാംദ റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തതെന്നും പോലീസ് വ്യക്തമാക്കി.
മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേനയെത്തിയാണ് മൂന്ന് പ്രതികളും അതീഖ് അഹമ്മദിനെയും സഹോദരനെയും വെടിവെച്ച് കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രി പ്രയാഗ് രാജിലെ ആശുപത്രിക്ക് മുന്നിലായിരുന്നു കൊലപാതകം. ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ അതീഖ് അഹമ്മദും അഷ്‌റഫും മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ഇതിനിടെയാണ് മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന സ്ഥലത്തുണ്ടായിരുന്ന അക്രമികള്‍ ഇവര്‍ക്ക് നേരേ വെടിയുതിര്‍ത്തത്. ചാനല്‍ ക്യാമറകള്‍ക്ക് മുന്നിലായിരുന്നു നടുക്കുന്ന കൊലപാതകം.
Discussion about this post