ക്യാമറ കാണുമ്പോൾ മാത്രം വേഗത കുറച്ച് രക്ഷപെടൽ ഇനി നടക്കില്ല; എഐ ക്യാമറകൾ സജ്ജം

മോട്ടോര്‍ വാഹന വകുപ്പിന്റെ എഐ ക്യാമറകള്‍ നാളെ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ഗതാഗതനിയമങ്ങൾ കൃത്യമായി പാലിക്കപ്പെടുക എന്ന ഉദ്ദേശത്തോടെയാണ് ക്യാമറകൾ സജ്ജമാക്കിയിരിക്കുന്നത്. ഇനിമുതൽ മോട്ടോർ വാഹനനിയമങ്ങൾ ലംഘിച്ചാൽ കൃത്യമായി അത് ക്യാമറയിൽ കുടുങ്ങും. 726 അത്യാധുനിക നിരീക്ഷണ ക്യാമറകളാണ് ഇതിനായി സ്ഥാപിച്ചിരിക്കുന്നത്.

ക്യാമറ ഉള്ളിടത്ത് മാത്രം വേഗത കുറച്ച് പിന്നീട് വേഗത കൂട്ടിയാലും പിഴയിൽ നിന്ന് ഒഴിവാകാൻ കഴിയില്ല എന്നതാണ് കാര്യം. സ്പീഡ് ക്യാമറകൾ പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ടാകും. അതിനാൽ ഓരോ ക്യാമറയിലും വാഹനം കടന്നുപോകുന്ന സമയം കണക്കിലെടുക്കുകയും അനുവദനീയമായതില്‍ കൂടുതല്‍ വേഗമെടുത്താല്‍ പിഴ ഈടാക്കുകയും ചെയ്യും.

റോഡിന്റെ മധ്യത്തിലുള്ള മഞ്ഞ, വെള്ള വരകൾ തുടർച്ചയായി മുറിച്ചു കടക്കാൻ പാടില്ല. ഇടവിട്ട വെള്ളവരകൾ ഉള്ളിടത്ത് ശ്രദ്ധാപൂർവം ഓവർടേക്ക് അനുവദനീയമാണ്. എന്നാൽ ഇരട്ട മഞ്ഞവരകൾ ഡിവൈഡറുകളായി കണക്കാക്കണം. ഇടതുവശത്തെ മഞ്ഞവരയുള്ളിടത്ത് പാര്‍ക്കിങ് പാടുള്ളതല്ലെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്.

സ്കൂൾ മേഖലകളിൽ 30 കിലോമീറ്ററാണ് വേഗത നിശ്ചയിച്ചിട്ടുള്ളത്. തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി നഗരങ്ങളിൽ 50 കിലോമീറ്ററും സംസ്ഥാന പാതയിൽ കാറുകൾക്ക് 80 കിലോമീറ്ററും ദേശീയപാതയിൽ 85 കിലോമീറ്ററുമാണ് അനുവദനീയമായ വേഗത. നാലുവരി പാതയിൽ 70 കിലോമീറ്റ‍‍റും ബസ്, ലോറി എന്നീ വാഹനങ്ങൾക്ക് 60 കിലോമീറ്ററുമാണ് വേഗ പരിധി.

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു കൊണ്ട് വാഹനം ഓടിച്ചാല്‍ 2,000 രൂപയാവും പിഴ ഈടാക്കുക. അമിത വേഗം- 1500 രൂപ, സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് ഇല്ലെങ്കില്‍ – 500 രൂപ, റിയര്‍ വ്യൂ മിറര്‍ ഇല്ലെങ്കില്‍ – 250 രൂപ, ട്രിപ്പിള്‍ റൈഡ് – 2000 രൂപ, ഇന്‍ഷൂറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ ആദ്യ പിഴ 2,000 തുടര്‍ന്നാല്‍ 4,000 രൂപ, അപകടകരമായ ഓവർടേക്കിങ് – 2000 എന്നിങ്ങനെയാണ് പ്രധാന പിഴകള്‍.

ഗതാഗതനിയമങ്ങൾ ലംഘിച്ചുള്ള അപകടങ്ങൾ കുറക്കുന്നതിനായാണ് നിയങ്ങൾ കർശനമാക്കുന്നത്. നിയമലംഘനങ്ങൾ എഐ ക്യാമറകള്‍ ഒരു വട്ടം പിടികൂടിയാല്‍ അന്നേദിവസം തന്നെ പിഴ അടക്കുകയും വേണം. ഓരോ നിയമ ലംഘനത്തിനും പിഴ ഈടാക്കും. ഒരു ദിവസം ഒന്നിൽ കൂടുതൽ തവണ നിയമം ലംഘിച്ചാലും പിഴ ഈടാക്കുന്നതാണ്.

Summary: 726 AI cameras ready for MVD

Exit mobile version