കെഎസ്‍യു പുതിയ സംസ്ഥാന കമ്മിറ്റിയിലും ഗ്രൂപ്പുപോര്, പരിപാടിയില്‍ നിന്ന് വിട്ട് നിന്ന് നേതാക്കള്‍

കെഎസ്‍യുവിന്‍റെ പുതിയ സംസ്ഥാന കമ്മിറ്റിയിലും ഗ്രൂപ്പുപോര് ശക്തമാകുന്നു. സംസ്ഥാന പ്രസിഡന്‍റുമായി സഹകരിക്കേണ്ടെന്ന് ഗ്രൂപ്പ് നേതാക്കള്‍ നിര്‍ദേശം നല്‍കിയതോടെ രമേശ് ചെന്നിത്തല, കെ.സുധാകരന്‍ പക്ഷങ്ങള്‍ ആദ്യ പരിപാടിയില്‍നിന്ന് തന്നെ വിട്ടുനിന്നു. പ്രതിഷേധ മാര്‍ച്ച് പൊളിക്കാന്‍ ഇരുഗ്രൂപ്പുകളും ശ്രമിച്ചപ്പോള്‍ കൂടുതല്‍ ആളെക്കൂട്ടി മറുപക്ഷം കരുത്തുകാട്ടി. കെഎസ്‍യു ഭാരവാഹികളെ നിശ്ചയിച്ചപ്പോള്‍ അര്‍ഹമായ ഗ്രൂപ്പ് പ്രാതിനിധ്യം കിട്ടിയില്ലെന്ന് പരാതിയുള്ളവരാണ് നിസഹകരണം തുടങ്ങിയത്.

പട്ടിക പ്രഖ്യാപിച്ചപ്പോള്‍ ആദ്യമേ പിണങ്ങിയത് കെ.സുധാകരനായിരുന്നു. പിന്നാലെ രമേശ് ചെന്നിത്തലയും. ഇരുനേതാക്കളുടെയും പട്ടികയില്‍ ഭാരവാഹികളായവരാണ് ഇന്നലെ നടന്ന ഏജീസ് ഓഫിസ് മാര്‍ച്ചില്‍നിന്ന് വിട്ടുനിന്നത്. കണ്ണൂരില്‍ നിന്നുള്ള സീനിയര്‍ വൈസ് പ്രസിഡന്‍റ് മുഹമ്മദ് ഷമ്മാസ് ഉള്‍പ്പടെയുള്ളവര്‍ മാര്‍ച്ചിനെത്തിയില്ല. മാര്‍ച്ച് പൊളിക്കാനുള്ള നീക്കമുണ്ടെന്ന് തിരിച്ചറിഞ്ഞ വി.ഡി സതീശന്‍ പക്ഷക്കാരനായ സംസ്ഥാന പ്രസിഡന്‍റ് എ ഗ്രൂപ്പിന്‍റെയും കെസി വേണുഗോപാല്‍ പക്ഷത്തിന്‍റെയും പിന്തുണയില്‍ ആളെക്കൂട്ടി പരിപാടി വിജയിപ്പിക്കുകയും ചെയ്തു.

ഭാരവാഹി പട്ടികയില്‍ വെട്ടും തിരുത്തും വരുത്തിയതില്‍ സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവിയറിന് അറിവുണ്ടായിരുന്നുവെന്നാണ് ഐ ഗ്രൂപ്പും സുധാകരന്‍ പക്ഷവും ആരോപിക്കുന്നത്. അതിനാലാണ് സഹകരണം വേണ്ടെന്നുള്ള നിര്‍ദേശം. വിവാഹം കഴിഞ്ഞ ഏഴുപേരെ ഭാരവാഹിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കമെന്ന കര്‍ശന നിലപാടിലാണ് ഐ ഗ്രൂപ്പുള്ളത്. അങ്ങനെയെങ്കില്‍ സംസ്ഥാന കമ്മിറ്റിയില്‍ ആദ്യമായെത്തിയ ട്രാന്‍ജെന്‍ഡര്‍ അരുണിമയെയും മാറ്റേണ്ടിവരുമെന്ന് മറുപക്ഷം ചൂണ്ടിക്കാട്ടുന്നു. ചേരിതിരിഞ്ഞുള്ള തമ്മിലടിക്ക് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ നേതൃത്വം നല്‍കുന്നതില്‍ അസ്വസ്ഥതയുള്ളവരും സംഘടനയിലുണ്ട്

 

Exit mobile version