ലക്‌നൗ: ആതിഖ് അഹമ്മദിനെയും സഹോദരൻ അഷ്‌റഫിനെയും വെടിവച്ചു കൊന്ന പ്രതികളെ സുരക്ഷാ കാരണങ്ങളാൽ ഉത്തർപ്രദേശിലെ മറ്റൊരു ജയിലിലേക്ക് മാറ്റി. സണ്ണി സിംഗ്, അരുൺ മൗര്യ, ലവ്‌ലേഷ് തൊവാരി എന്നിവരെയാണ് നൈനി ജയിലിൽ നിന്ന് പ്രതാപ്ഗഡ് ജയിലിലേക്ക് മാറ്റിയത്. നൈനി ജയിലിൽ വച്ച് മൂവർക്കും നേരെ ആക്രമണം നടന്നിട്ടുണ്ടെന്നാണ് ഇന്റലിജൻസ് നൽകുന്ന വിവരം.
അഹമ്മദിന്റെ സംഘത്തെ ഇല്ലാതാക്കി പേരെടുക്കാനാണ് ഇവർ ശ്രമിച്ചതെന്നാണ് പോലീസ് പറയുന്നത്. മൂവരെയും കോടതിയിൽ ഹാജരാക്കിയ ശേഷം 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. കൊലപാതകങ്ങളെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തർപ്രദേശ് സർക്കാർ മൂന്നംഗ ജുഡീഷ്യൽ അന്വേഷണ സമിതിക്ക് രണ്ട് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. കൊലപാതകത്തെ കുറിച്ച് അന്വേഷിക്കാൻ രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളെ (എസ്ഐടി) രൂപീകരിക്കുമെന്ന് സംസ്ഥാന പോലീസ് അറിയിച്ചു.
മാധ്യമപ്രവർത്തകരുടെ വേഷത്തിലായിരുന്നു അക്രമികൾ എത്തിയത്. കൊലപാതകത്തിന് ശേഷം ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിച്ചിരുന്നു. വെടിവെപ്പ് നടത്തിയവരിൽ നിന്ന് മൂന്ന് വ്യാജ മീഡിയ ഐഡി കാർഡുകളും ഒരു മൈക്രോഫോണും ക്യാമറയും കണ്ടെടുത്തതായി പോലീസ് പറഞ്ഞു. വെടിവെപ്പിന് ശേഷം ഇവർ പോലീസിന് കീഴടങ്ങുകയായിരുന്നു. ഇതിനിടയിൽ കാലിൽ വെടിയുണ്ടയേറ്റ ലവ്‌ലേഷ് ആശുപത്രിയിൽ ചികിത്സയിലാണ്.
ബുധനാഴ്ച ഝാൻസി ജില്ലയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ മകൻ അസദ് അഹമ്മദ് കൊല്ലപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് ആതിഖിന്റെയും സഹോദരൻ അഷ്‌റഫിന്റെയും കൊലപാതകം. ഞായറാഴ്ച, ആതിഖ് അഹമ്മദിനെയും സഹോദരനെയും പോസ്റ്റ്‌മോർട്ടത്തിന് ശേഷം പ്രയാഗ്‌രാജിലെ ഗ്രാമത്തിൽ സംസ്‌കരിച്ചു.
Summary: Atiq Ahmed and his brother’s murder: Accused shifted to another jail for security reasons
Discussion about this post