മുംബൈ: മഹാരാഷ്ട്രയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷ പങ്കെടുത്ത സര്‍ക്കാരിന്റെ പരിപാടിയില്‍ നിര്‍ജ്ജലീകരണവും സൂര്യാഘാതവുമേറ്റ് 11 പേര്‍ മരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് 20 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഞായറാഴ്ച നവി മുംബൈയിലെ ഖാര്‍ഘറിലെ ഒരു തുറന്ന ഗ്രൗണ്ടില്‍ മഹാരാഷ്ട്ര ഭൂഷണ്‍ അവാര്‍ഡ് ദാന പരിപാടിക്കിടെയായിരുന്നു സംഭവം.
രാവിലെ 11 മണിക്ക് ആരംഭിച്ച പരിപാടി ഏകദേശം മൂന്ന് മണിക്കൂര്‍ നീണ്ടുനിന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്രമന്ത്രി കപില്‍ പാട്ടീല്‍, സംസ്ഥാന കാബിനറ്റ് മന്ത്രിമാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. അപ്പാസാഹേബ് ധര്‍മ്മാധികാരി എന്നറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകനായ ദത്താത്രേയ നാരായണ്‍ ധര്‍മ്മാധികാരിക്ക് ചടങ്ങില്‍ അമിത് ഷാ അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു.
https://youtu.be/u6minziqIPA
ചൂടേറ്റ് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമായി 50 പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നവി മുംബയിൽ ചടങ്ങ് നടന്ന സ്ഥലത്ത് 38 ഡിഗ്രി സെൽഷ്യസാണ് ചൂട് രേഖപ്പെടുത്തിയത്. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്‌ടപരിഹാരം നൽകുമെന്നും സംഭവം ദു:ഖകരമാണെന്നും മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ അറിയിച്ചു.
രാജ്യത്ത് വേനൽ കടുത്തതോടെ പലയിടത്തും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. കേരളത്തിലും ചിലയിടങ്ങളിൽ 40 ഡിഗ്രിയ്‌ക്ക് മുകളിൽ താപനില രേഖപ്പെടുത്തി. 11 മണി മുതൽ 3 മണിവരെ സൂര്യപ്രകാശം നേരിട്ട് അനുഭവിക്കുന്ന തരത്തിൽ പുറത്തിറങ്ങരുതെന്നും പുറം ജോലികൾ ക്രമീകരിക്കണമെന്നും സംസ്ഥാനത്ത് നിർദ്ദേശം നിലവിലുണ്ട്.
അതേസമയം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പൊതുപരിപാടിയില്‍ പങ്കെടുത്ത 11 പേര്‍ സൂര്യാഘാതമേറ്റ് മരിച്ചതില്‍ അന്വേഷണം ആവശ്യപ്പെട്ട് എന്‍സിപി രംഗത്തെത്തി. സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ദുരന്തമെന്ന് എന്‍സിപി നേതാവ് അജിത് പവാര്‍ ആരോപിച്ചു. സർക്കാരിന് പരിപാടിയുടെ ആസൂത്രണത്തിൽ പാളിച്ചയുണ്ടായെന്ന് മുൻ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ കുറ്റപ്പെടുത്തി.